യുഎസ് ഉപരോധം എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തിന് ഭീഷണി, കോളനിവത്കരണത്തിനുള്ള ശ്രമം- ഇറാൻ

 

 

ഇറാനെ ലക്ഷ്യമിട്ട് പുതിയ ഉപരോധം പ്രഖ്യാപിച്ചതിൽ അമേരിക്കയ്‌ക്കെതിരേ രൂക്ഷപ്രതികരണവുമായി ടെഹ്‌റാൻ. യുഎസ് നടപടി കേവലം ഇറാന് മാത്രമുള്ള പ്രശ്‌നമല്ലെന്നും അത് എല്ലാ സ്വതന്ത്ര്യരാജ്യങ്ങളുടെയും പരമാധികാരത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ളതാണെന്നും ഇറാന്റെ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മായിൽ ബാഘേയി പറഞ്ഞു. ഈ ഉപരോധങ്ങൾ കോളനിവത്കരണത്തിന്റെ തിരിച്ചുവരവിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ നടപടികൾ ഒരു രാജ്യത്തിനെതിരായുള്ള സാമ്പത്തികയുദ്ധത്തിന് അപ്പുറം കടന്നതായും ബാഘേയി പറഞ്ഞു. ഇറാനുമായി മറ്റ് രാജ്യങ്ങളിലെ സർക്കാരുകൾ, ബാങ്കുകൾ, വ്യാപാരങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയവ എങ്ങനെ ഇടപാടുകൾ നടത്തണമെന്ന് അമേരിക്ക നിശ്ചയിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിന്റെ അത്തരം സമ്മർദങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന രാജ്യങ്ങൾക്ക് അവരുടെ സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങൾക്ക് മേലുള്ള നിയന്ത്രണം നഷ്ടമാകുമെന്നും ബാഘേയി മുന്നറിയിപ്പ് നൽകി.

ഒരു രാജ്യം മറ്റൊരു സ്വതന്ത്രരാജ്യത്തിലെ സ്ഥാപനങ്ങൾക്ക് മേൽ ചുമത്തുന്ന ദ്വിതീയ ഉപരോധങ്ങൾക്ക് അന്താരാഷ്ട്ര നിയമത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും ബാഘേയി പറഞ്ഞു. അത്തരം നടപടി, യുഎൻ ചാർട്ടറിന്റെ രണ്ടാം അനുച്ഛേദത്തിലെ ഒന്നാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക ഉപരോധം അന്താരാഷ്ട്ര കുറ്റകൃത്യവും തെറ്റായ നടപടിയുമാണ്. നാവിക ഉപരോധം നിലനിൽക്കവേ മറ്റ് ഉപരോധം ഏർപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിനുനേർക്ക് വീണ്ടും ഭീഷണി ഉയർത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.