ഗ്രീൻലൻഡിൽ രണ്ട് സൈനിക താവളങ്ങൾ നിർമിക്കാൻ യുഎസ്

 

 

ഗ്രീൻലൻഡിൽ രണ്ട് പുതിയ സൈനിക താവളങ്ങൾ നിർമിക്കാൻ അമേരിക്കയ്ക്ക് അനുമതി. ഡെൻമാർക്കും ഡെന്മാർക്കിന് കീഴിലുള്ള സ്വയംഭരണപ്രദേശമായ ഗ്രീൻലൻഡും യു.എസുമായി നിർണായക പ്രതിരോധ കരാർ ഒപ്പിട്ടതോടെയാണിത്. ഗ്രീൻലൻഡിനുമേലുള്ള ഡെന്മാർക്കിന്റെ പരമാധികാരത്തെ അംഗീകരിച്ചുകൊണ്ടുതന്നെയായിരിക്കും യു.എസിന്റെ സൈനികതാവള നിർമാണം.

കരാർ, വടക്കുപടിഞ്ഞാറൻ ഗ്രീൻലൻഡിലെ പിറ്റുഫിക്ക് സ്‌പേസ് ബേസ് ആധുനികവത്കരിക്കാനും വിപുലീകരിക്കാനും അമേരിക്കയ്ക്ക് അനുമതി നൽകുന്നു. മാത്രമല്ല, തെക്കൻ ഗ്രീൻലൻഡിലെ നർസർസ്വാക്കിലും കിഴക്കൻ ഗ്രീൻലൻഡിലെ മെസ്റ്റേർസ്‌വിഗിലും സൈനിക താവളങ്ങൾ സ്ഥാപിക്കാനും അനുമതി ലഭിക്കും. യു.എസ്. വിമാനങ്ങൾക്ക് ഗ്രീൻലൻഡിന് മീതേ പറക്കാനും എവിടെ വേണമെങ്കിലും ലാൻഡ് ചെയ്യാനുമുള്ള അനുമതിയും കരാറിലുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിയോട് അനുബന്ധിച്ചാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ഒപ്പിട്ടത്. അനുയോജ്യമായ സ്ഥലങ്ങളിൽ വിപുലമായ സൈനിക സാന്നിധ്യം വികസിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കരാർ ഒപ്പിടുന്നതിന് മുൻപായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതേസമയം യുഎസിനും ഡെന്മാർക്കിനും ഗ്രീൻലൻഡിനും ഗുണകരമായ കരാറാണിതെന്നായിരുന്നു ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണിന്റെ പ്രതികരണം.