തെരഞ്ഞെടുപ്പ് കാലത്തെ സോഷ്യല്‍ മീഡിയ ഉപയോഗം; അഡ്മിന്‍മാര്‍ ശ്രദ്ധിക്കേണ്ടത് ഇവ, മുന്നറിയിപ്പുമായി പൊലീസ്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വാട്‌സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ നിരീക്ഷിക്കുന്നതിൽ അഡ്മിന്‍മാര്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വിഡിയോകളും ഓഡിയോകളും പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച 'AI Generated' ലേബലില്ലാത്ത രാഷ്ട്രീയ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.
ജാതി, മതം, വർഗ്ഗം എന്നിവയുടെ പേരിൽ ശത്രുതയുണ്ടാക്കുന്ന സന്ദേശങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഭാരതീയ ന്യായ സംഹിത (BNS 196) പ്രകാരം ശിക്ഷാർഹമാണ്. സ്ഥാനാർത്ഥികളെക്കുറിച്ചോ വർഗ്ഗീയ സംഭവങ്ങളെക്കുറിച്ചോ ഉള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കുവെക്കരുത്. കൂടാതെ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് ആരംഭിക്കുന്ന 'സൈലൻസ് പീരിയഡിൽ' സോഷ്യൽ മീഡിയ വഴി യാതൊരുവിധ പ്രചാരണവും നടത്താൻ പാടില്ലെന്നും പോലീസ് ഓർമ്മിപ്പിച്ചു.
ഗ്രൂപ്പ് അംഗങ്ങളുടെ പോസ്റ്റുകൾക്ക് അഡ്മിൻമാർ നേരിട്ട് ഉത്തരവാദികളല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും. നിയമവിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ നൽകുക, വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ബോധപൂർവ്വം കൂട്ടുനിൽക്കുക, ഐടി ആക്ട് പ്രകാരം പൊലീസ് നൽകുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സൈബർ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.