അമേരിക്ക ഇറാൻ സംഘർഷത്തിൽ സമാധാന നീക്കം; ധാരണയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

 
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നടപടികൾ അവസാനിപ്പിച്ച് സ്ഥിരമായ സമാധാന കരാറിലേക്കുള്ള ചർച്ചകൾ ആരംഭിക്കാനുള്ള ധാരണയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ .ഇരു രാജ്യങ്ങളും 60 ദിവസത്തിനുള്ളിൽ വിശദമായ ചർച്ചകൾ നടത്തി സ്ഥിരം കരാറിലെത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഈ ധാരണ സാധ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാകിസ്താനും ഖത്തറും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ സൗദി അഭിനന്ദിച്ചു. കൂടാതെ, അമേരിക്കയും ഇറാനും ഈ ശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ചതിനെയും രാജ്യം പ്രശംസിച്ചു.ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന നിലയിൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷാ താൽപര്യങ്ങൾ മാനിക്കുകയും പരസ്പര ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കയും ചെയ്യുന്ന സ്ഥിരമായ സമാധാന കരാറാണ് തങ്ങളുടെ പ്രതീക്ഷയെന്നും മന്ത്രാലയം വ്യക്തമാക്കി