മന്ത്രി വീണ ജോർജിനെ പരിഹസിച്ച് വിഡി സതീശൻ

 

ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യമന്ത്രിക്ക് ഓസ്കാർ നൽകണമെന്നും മന്ത്രിയുടെത് അഭിനയമാണെന്നും വിഡി സതീശൻ പറ‍ഞ്ഞു. മുദ്രാവാക്യം കേട്ടാൽ പെടലിക്ക് വേദന വരുമോ? അങ്ങനെയെങ്കിൽ ഞാനും രമേശ്‌ ജിയുമൊക്കെ പെടലി വേദന കൊണ്ട് കിടന്നു പോയേനെ. ആരോഗ്യമന്ത്രിക്ക് ഓസ്‌കാർ കൊടുക്കണം. എന്തൊരു അഭിനയമാണ് മന്ത്രിയുടേത്. ഉർവശി അവാർഡൊക്കെ കുറഞ്ഞു പോകും- പ്രതിപക്ഷ നേതാവ് പറഞ്ഞു.സംഘപരിവാറിന്റെ ബി ടീമായി സിപിഎം മാറുന്നുവെന്നും വർഗീയത ആരു പറഞ്ഞാലും യുഡിഎഫ് ചോദ്യം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീണ ജോർജിന് കഴുത്തിനേറ്റ ക്ഷതം മൂലമുണ്ടായ വേദനയിൽ ആശ്വാസമെന്നാണ് പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. രക്തസമ്മർദ്ദം നിയന്ത്രണവിധേയമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. യാത്ര ചെയ്യാൻ പറ്റുന്നത് വരെ പരിയാരം മെഡിക്കൽ കോളേജിൽ തുടരാനാണ് ബോർഡ് നിർദേശം.

കഴിഞ്ഞ ദിവസമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെ എസ് യു പ്രതിഷേധം നടത്തിയത്. കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രവർത്ത‍ക‍ർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോൾ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.