മുഖ്യമന്ത്രിയെ പൂക്കിയാക്കിയ ഫിജിനെ നേരിട്ട് കാണാന്‍ വി ഡി സതീശന്‍; ഓഫീസിലേക്ക് ക്ഷണം
യുഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ കാണിച്ച പൂക്കി എക്‌സ്പ്രഷന്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്. വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രസകരമായ എക്സ്പ്രഷനോട് കൂടിയുള്ള മറുപടി. 'പൂക്കി മുഖ്യമന്ത്രി'യെന്ന പേരില്‍ ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.
മുഖ്യമന്ത്രി ചുണ്ടുകടിച്ച് തലയാട്ടി ഒരു ചിരി ചിരിച്ചു. ''പറഞ്ഞിട്ടുണ്ടെങ്കില്‍ ചെയ്യും. പറഞ്ഞതൊക്കെ നടത്താനല്ലേ നമ്മള്‍ വന്നിരിക്കുന്നത്'' എന്ന മറുപടിയും പിന്നാലെ വന്നു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി ഫിജിന്‍ എന്ന യുട്യൂബറുടേതായിരുന്നു ചോദ്യം. ഈ ഒരൊറ്റ ചോദ്യം ചോദിക്കാനാണ് ഫിജിന്‍ തലസ്ഥാനംവരെ വന്നത്. ''വാക്ക് മാറ്റി പറയുമോ എന്നറിയാനാണ് ചോദിച്ചത്. പക്ഷേ, മുഖ്യമന്ത്രി ഞെട്ടിച്ചുകളഞ്ഞു'' -ഫിജിന്‍ പറഞ്ഞു. ആ ഒരു മിനിറ്റ് ദൃശ്യത്തിന് ഫിജിന് സാമൂഹികമാധ്യമങ്ങളില്‍ കിട്ടിയത് 130 ലക്ഷം കാഴ്ചക്കാരെയാണ്. 15 ലക്ഷം ലൈക്ക്. തമിഴ് സംഗീതസംവിധായകന്‍ അനിരുദ്ധിന്റെ സംഗീതംകൂടി കലര്‍ത്തിയായിരുന്നു റീല്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിപ്പിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച നേരിട്ടു കാണുമെന്നും ഫിജിന്‍ പറഞ്ഞു.