വെള്ളാപ്പള്ളി നടേശന്‍ യുഡിഎഫിന്റെ ഐശ്വര്യം; പിഎംഎ സലാം

 
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷ ഏകീകരണത്തിനല്ല, മറിച്ച് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ഒരു 'ജനപക്ഷ' മുന്നേറ്റത്തിനാണ് വഴിതെളിച്ചതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രെട്ടറി പിഎംഎ സലാം. സിപിഎമ്മും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും, കേസുകളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാന്‍ മലപ്പുറത്തെയും ലീഗിനെയും അധിക്ഷേപിക്കുന്ന രാഷ്ട്രീയ തന്ത്രവുമാണ് ഇതിനു പിന്നിലെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.ഇവിടെ ന്യൂനപക്ഷ കണ്‍സോളിഡേഷനോ ഭൂരിപക്ഷ കണ്‍സോളിഡേഷനോ ഒന്നുമല്ല, മറിച്ച് 'ജനപക്ഷ' കണ്‍സോളിഡേഷനാണ് ഉണ്ടായിരിക്കുന്നത്. മലപ്പുറത്തെക്കുറിച്ചും മുസ്ലിം ലീഗിനെക്കുറിച്ചും എത്ര വലിയ വര്‍ഗീയ പ്രചാരണങ്ങളാണ് വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തെക്കൊണ്ട് അത് ചെയ്യിക്കുന്ന പിണറായി വിജയനും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു ജില്ലയെ മുഴുവന്‍ താറടിച്ചു കാണിച്ചില്ലേ? അതുപോലെ തന്നെ, നിരവധി സാമ്പത്തിക ക്രമക്കേട് കേസുകളില്‍ പ്രതിയായ വെള്ളാപ്പള്ളി നടേശനെപ്പോലൊരു സാമുദായ നേതാവിനെ, ആ കേസുകള്‍ ഒഴിവാക്കാം എന്ന വാഗ്ദാനം നല്‍കി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും അപമാനിക്കാന്‍ കൂട്ടുപിടിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്തത്? അത്തരത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളെ മുഖ്യമന്ത്രി ചെന്ന് ആദരിക്കുകയും പ്രകീര്‍ത്തിക്കുകയും സ്വന്തം വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്യുന്നു. ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്.