വിഴിഞ്ഞം തുറമുഖ ഓഹരിക്കൈമാറ്റത്തില്‍ പ്രതിപക്ഷത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍

 

 

വിഴിഞ്ഞം തുറമുഖ ഓഹരിക്കൈമാറ്റത്തില്‍ പ്രതിപക്ഷത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞത്തെ പ്രതിസന്ധിയിലാക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി. ഓഹരിക്കൈമാറ്റം ബിസിനസ് തര്‍ക്കമായി കാണണമെന്നും അതിന്റെ പേരില്‍ രാഷ്ട്രീയ പോര് നല്ലതല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. യോഗനാദം മുഖപ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങള്‍വിഴിഞ്ഞത്തെ വെള്ളത്തിലാക്കരുത് എന്ന ലേഖനത്തിലാണ് പ്രതിപക്ഷത്തിനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍. വിഴിഞ്ഞം വലിയ ബിസിനസ് സംരംഭമാണെന്നും വിഴിഞ്ഞം വളര്‍ന്നാല്‍ അനുബന്ധമായി നിരവധി വ്യവസായങ്ങള്‍ വളരുമെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി. പൊന്മുട്ടയിടുന്ന താറാവിനെ കഴുത്തുഞെരിച്ച് കൊല്ലരുതെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ഓര്‍മിപ്പിക്കുന്നത്.വിഴിഞ്ഞത്തിന്റെ പേരിലുള്ള വിവാദങ്ങളെ വളര്‍ത്തരുതെന്ന ഇ പി ജയരാജന്റെ നിലപാടിനെ വെള്ളാപ്പള്ളി നടേശന്‍ പ്രശംസിക്കുന്നുമുണ്ട്. ഇത് പക്വതയുള്ള നിലപാടെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറിച്ചു. ആരോപണങ്ങളില്‍ വിശ്വസനീയമായ അന്വേഷണങ്ങള്‍ നടത്താനും പരാതികള്‍ പരിശോധിക്കാനുമുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇതിനെല്ലാം പ്രതിപക്ഷം ക്രിയാത്മകമായ പിന്തുണ നല്‍കണമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.