ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് ഹെലികോപ്റ്ററുകൾക്കും ഡ്രോണുകൾക്കും കർശന നിരോധനം

 

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ കോട്ടയം സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ കനത്ത വ്യോമ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്, മാമ്മൻ മാപ്പിള ഹാൾ എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ വിവിധ ഹെലിപ്പാഡുകളിലും മേയ് 31-ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. മേയ് 31 പുലർച്ചെ 12 മണി മുതൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, യു.എ.വികൾ (UAV) എന്നിവയുൾപ്പെടെയുള്ള യാതൊരുവിധ ഉപകരണങ്ങളും ഈ പരിധിയിൽ പറത്താൻ പാടുള്ളതല്ല.

എന്നാൽ വ്യോമസേന, എസ്.പി.ജി (SPG), സംസ്ഥാന പോലീസ് എന്നിവർക്കും ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് സുരക്ഷാ ഏജൻസികൾക്കും ഈ നിരോധനം ബാധകമായിരിക്കില്ല. അടിയന്തര സാഹചര്യങ്ങളിൽ ഹെലികോപ്റ്ററുകളോ നിരോധന പരിധിയിൽ വരുന്ന മറ്റ് ഉപകരണങ്ങളോ പറത്തേണ്ടതുണ്ടെങ്കിൽ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. കളക്ടറുടെ ഈ സുരക്ഷാ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.