ഗ്യാനേഷ് കുമാറിനെതിരെ കൂടുതൽ കേസുകളിൽ വിജിലൻസിൻ്റെ പുനപരിശോധന
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കൂടുതൽ കേസുകളിൽ വിജിലൻസിൻ്റെ പുനപരിശോധന. നേരത്തെ അവസാനിപ്പിച്ച ചില കേസുകളാണ് വിജിലൻസ് പുനപരിശോധിക്കുന്നത്. കെ എസ് ടി പി അഴിമതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസുകളിലെ പുനപരിശോധന നടക്കുകയാണ്. മുൻ മന്ത്രി കെ എം മുനീറിനെതിരെ മുമ്പ് അന്വേഷണo നടന്ന കേസുകളിൽ ഉൾപ്പെടെയാണ് പരിശോധന. അഴിമതി കേസുകളിലെ അന്വേഷണം ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് അവസാനിപ്പിച്ചിരുന്നു.
പതിബെൽ പ്രോജക്ട് മാനേജറുടെ ആത്മഹത്യയിലേക്ക് നയിച്ച കേസ് അന്വേഷിച്ചത് തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റാണ്. ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്തെ ഈ കേസുമായി ബന്ധപ്പെട്ടാണ് സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ കെ എസ് ടി പി പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ അന്ന് വിജിലൻസ് അന്വേഷിച്ചിരുന്നു. മലബാർ മേഖലയിൽ അന്വേഷിച്ച ആ കേസുകളെല്ലാം വിജിലൻസ് നേരത്തെ തീർപ്പാക്കിയതാണ്. എന്നാൽ ഈ കേസുകളിലും ഗ്യാനേഷ് കുമാറിനെതിരായ മൊഴികൾ പരിശോധിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാനാണ് കോഴിക്കോട്, തിരുവനന്തപുരം എസ് പി മാർക്ക് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നൽകിയ നിർദേശം. മൂന്ന് ദിവസത്തിനകം പരിശോധന റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർ നിർദേശിച്ചു. അതിനു ശേഷമായിരിക്കും പുനരന്വേഷണം സംബന്ധിച്ച് വിജിലൻസ് തീരുമാനമെടുക്കുക.