സർക്കാർ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങളുമായി വിജയ്; ഗവർണറെ കണ്ടു
രാഷ്ട്രീയത്തിൽ ബ്ലോക്ക്ബസ്റ്റർ അരങ്ങേറ്റം കുറിച്ച വിജയ് മെയ് ഏഴിനോ എട്ടിനോ സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യത. എംഎൽഎമാർക്കൊപ്പം എത്തി വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. അരുൺരാജ്, എൻ ആനന്ദ്, സെങ്കോട്ടയ്യൻ, അധവ് അർജുനൻ, വെങ്കിട്ടരാമൻ എന്നീ എംഎൽഎമാരാണ് വിജയ്ക്കൊപ്പം ഉണ്ടായിരുന്നത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാൻ ഇനിയും സീറ്റുകൾ വേണം. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് വിജയ്‍യെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 113 ആയി. ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികൾ മുന്നണിയിലില്ലാത്തതിനാൽ ടിവികെയെ പിന്തുണയ്ക്കുന്നു എന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. ഡിഎംകെ സഖ്യകക്ഷികളായ സിപിഐ (രണ്ട് സീറ്റുകൾ), സിപിഎം (രണ്ട് സീറ്റുകൾ), വിസികെ (രണ്ട് സീറ്റുകൾ) എന്നിവരുടെ പിന്തുണയും ടിവികെ പ്രതീക്ഷിക്കുന്നുണ്ട്.
ഡിഎംകെയ്ക്ക് 59 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. എം കെ സ്റ്റാലിനടക്കം പരാജയപ്പെട്ടത് ഡിഎംകെയ്ക്ക് വലിയ ക്ഷീണമായി. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) 47 സീറ്റുകളിൽ വിജയിച്ചു. എഐഎഡിഎംകെയിലെ ഒരു വിഭാഗത്തിന് ടിവികെയെ പിന്തുണയ്ക്കാൻ താത്പര്യമുണ്ടെങ്കിലും വേണ്ടെന്ന കടുത്ത നിലപാടിലാണ് ഇപിഎസ്. വേലുമണിയുടെ വീട് കേന്ദ്രീകരിച്ച് ചർച്ചകൾ നടക്കുകയാണ്. മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണ ഉറപ്പായാൽ വിമത നേതാക്കൾ എൻഡിഎ സഖ്യം വിട്ട് ടിവികെയ്ക്കൊപ്പം എത്തിയേക്കും. ടിവികെ മന്ത്രിസ്ഥാനം നൽകുമെന്ന പ്രതീക്ഷയിലാണ് ഈ വിമതനീക്കം.