ലൗലി യൂണിവേഴ്സിറ്റിയിലെ സംഘർഷം :പലതവണ ഹോസ്റ്റലിൽ വിദ്യാർഥികൾ ജീവനൊടുക്കിയിട്ടുണ്ടെന്ന് വിദ്യാർഥികൾ
പഞ്ചാബ് ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷത്തിനിടെ ആശങ്കപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്ന് വിദ്യാർഥികൾ. സർവകലാശാല അടച്ചതോടെ ഡൽഹിയിലെ കേരള ഹൗസിലെത്തിയ മലയാളി വിദ്യാർഥികളാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഘർഷത്തെക്കുറിച്ച് വിശദീകരിച്ചത്.
വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായി. നിലവിൽ പോലീസും കേന്ദ്രസേനയും സർവകലാശാലയിലെ നിയന്ത്രണം ഏറ്റെടുത്തതോടെ ശാന്തമാണ്. മാരകായുധങ്ങളുമായാണ് പുറത്തുനിന്നുള്ള സംഘങ്ങളെത്തിയത്. ഇവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ വരെ തട്ടിയെടുത്തു. അക്രമസംഭവങ്ങൾക്കിടെ ഇവർ സർവകലാശാലയിൽ മോഷണവും നടത്തി. അതേസമയം, ഹോസ്റ്റലിൽ വിദ്യാർഥിനി പീഡനത്തിനിരയായ സംഭവം വ്യാജപ്രചാരണമല്ലെന്നും പലതവണ ഹോസ്റ്റലിൽ വിദ്യാർഥികൾ ജീവനൊടുക്കിയിട്ടുണ്ടെന്നും വയനാട് സ്വദേശികളായ വിദ്യാർഥികൾ വെളിപ്പെടുത്തി. എന്ത് നടന്നാലും സർവകലാശാല അധികൃതർ ഒതുക്കി തീർക്കുന്നതാണ് പതിവ്. പക്ഷേ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണുണ്ടായതെന്നും വിദ്യാർഥികൾ പറഞ്ഞു.