ഗുരുവായൂര്‍ ക്ഷേത്രത്തിൽ വരുന്നൂ വെര്‍ച്വല്‍ ക്യു സംവിധാനം

 
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യു സംവിധാനം വരുന്നു. ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിച്ചാണ് വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ആവിഷ്‌കരിച്ച ഫേയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെര്‍ച്വല്‍ ക്യൂ ഒരുക്കുന്നത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. ദര്‍ശനത്തിന് മണിക്കൂറുകള്‍ വരി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഫെയിസ് ആപ് സംവിധാനവും നടപ്പിലാക്കുന്നുണ്ട്. അപേക്ഷിച്ച ഏജന്‍സികളില്‍ നിന്ന് മികച്ച ഏജന്‍സിക്ക് നടപ്പിലാക്കാനുള്ള ചുമതല കൈമാറും. ക്യു കോംപ്ലക്‌സ് പ്രാവര്‍ത്തികമാകുന്നതു വരെയാണ് ഈ സംവിധാനങ്ങള്‍. അത്യാധുനിക ക്യൂ കോംപ്ലക്‌സ് നിര്‍മിക്കുന്നതോടെ ഭക്തരുടെ ബുദ്ധിമുട്ട് അവസാനിക്കും. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.