തമിഴ്നാട്ടിലും പശ്ചിമബംഗാളിലും സർവകാല റെക്കോഡുകൾ ഭേദിച്ച് പോളിംഗ് ശതമാനം ഉയർന്നു
Apr 23, 2026, 19:04 IST
തമിഴ്നാട്ടിലും പശ്ചിമബംഗാളിലും സർവകാല റെക്കോഡുകൾ ഭേദിച്ച് പോളിംഗ് ശതമാനം ഉയർന്നു. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ വൈകീട്ട് 6 മണി വരെ 85 ശതമാനത്തോളം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ 4.7 കോടി വോട്ടർമാർ ആണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ചെന്നൈയിൽ അടക്കം മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കുടുംബസമേതം ചെന്നൈയിലും ടി വി കെ അധ്യക്ഷൻ വിജയ് നീലാങ്കരയിലും എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്തു. 2011 ലെ സർവകാല റെക്കോഡും കടന്നാണ് തമിഴ്നാട്ടിലെ പോളിംഗ് കുതിപ്പ്. പശ്ചിമബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പിൽ 6 മണിവരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ പോളിംഗ് ശതമാനം 90 കടക്കുമെന്നാണ് വ്യക്തമാകുന്നത്. വോട്ടെടുപ്പിനിടയിലും ബംഗാളിലെ പലമേഖലകളിലും സംഘർഷമുണ്ടായി. പോളിംഗ് സമയം കഴിഞ്ഞെങ്കിലും 6 മണിക്കുള്ളിൽ ബൂത്തിലെത്തിയവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് കണക്കുകളിൽ വ്യത്യാസം ഉണ്ടാകും.