വാളയാർ ആൾക്കൂട്ടക്കൊലപാതകം: അന്വേഷണം ഏറ്റെടുത്ത് ജില്ല ക്രൈംബ്രാഞ്ച്

 

പാലക്കാട്‌ വാളയാറിലെ ആൾകൂട്ടക്കൊലയുടെ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കേസിൽ ഇതുവരെ 5 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് പാലക്കാട് വാളയാറിൽ മർദ്ദനമേറ്റതിനെ തുടർന്ന് മരിച്ചത്. കള്ളൻ എന്ന് ആരോപിച്ച് ഇയാളെ മർദിക്കുകയായിരുന്നു.

മർദ്ദനമേറ്റ് അവശനായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. അതിഥിത്തൊഴിലാളി രാംനാരായണൻ നേരിട്ടത് മണിക്കൂറുകൾ നീണ്ട കൊടും ക്രൂരതയെന്ന വിവരം പുറത്തുവന്നിരുന്നു. രാം നാരായണൻ്റെ ശരീരത്തിൽ ആസകലം മർദ്ദനമേറ്റ പാടുകളാണ് ഉണ്ടായിരുന്നത്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം മർദിച്ചത്. കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു.

അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു. കള്ളൻ എന്ന് ആരോപിച്ചു മർദ്ദിച്ചു. പുറം മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കേറ്റിരുന്നു. കണ്ടപ്പോൾ കള്ളൻ എന്ന് തോന്നി എന്നായിരുന്നു നാട്ടുകാരുടെ മറുപടി. പ്രദേശവാസികളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.