വാളയാർ ആൾക്കൂട്ട കൊലപാതകം: രാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
പാലക്കാട് വാളയാറിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ രാം നാരായൺ ബഹേലിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുടുംബം നേരത്തെ 25 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ 30 ലക്ഷം രൂപ നൽകാൻ ധാരണയാവുകയായിരുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് അർഹമായ പിന്തുണ ഉറപ്പാക്കാനാണ് സർക്കാരിന്റെ നീക്കം.
സംഭവത്തിൽ ആൾക്കൂട്ട കൊലപാതകം, എസ്.സി-എസ്.ടി അതിക്രമം തടയൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ഇതുവരെ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്. സ്ത്രീകളടക്കം പതിനഞ്ചോളം പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവം കാരണം ബാക്കിയുള്ള പ്രതികൾ സംസ്ഥാനം വിട്ടതായും സൂചനകളുണ്ട്. ഇതിനിടെ, കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം ജന്മനാടായ ഛത്തീസ്ഗഢിൽ എത്തിച്ച് സംസ്കരിച്ചു.
വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും കേരള ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ നാളെയ്ക്കകം പ്രാഥമിക റിപ്പോർട്ട് നൽകണം. കേസിൽ പരാതിക്കാരനായ സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടന്റെ മൊഴി ഓൺലൈൻ മുഖേന അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. വംശീയമായ വിദ്വേഷമാണ് കൊലപാതകത്തിന് പിന്നിലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെയും കമ്മീഷന്റെയും ഇടപെടൽ.