കേരളത്തിൽ നടക്കുന്നത് സ്പോൺസർ ഭരണമാണെന്ന് പി ജയരാജൻ
മുഖ്യമന്ത്രിയുടെ വിമാന യാത്രയിലടക്കം സർക്കാരിനെ കടന്നാക്രമിച്ച് പി ജയരാജൻ. കേരളത്തിൽ നടക്കുന്നത് സ്പോൺസർ ഭരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കൂടിയായ ജയരാജൻ തുറന്നടിച്ചു. മുഖ്യമന്ത്രി പോയ ചാർട്ടേഡ് വിമാനത്തിന് പണം നൽകിയതാര് എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. മന്ത്രി കെ എം ഷാജിയും ഇത്തരത്തിൽ പങ്കുപറ്റുകയാണ്. പിണറായിയെയും റിയാസിനെയും കുടുക്കാനാണ് ശ്രമം. ഇതിനെതിരെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും പിജെ പറഞ്ഞു.
അതേസമയം, വിവാദ റേഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുകയാണ്. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയത് രണ്ട് മന്ത്രിമാർക്ക് മാത്രമാണ്. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് പൊതുഭരണ വകുപ്പിന്‍റെ അനുമതി കിട്ടിയത്. സർക്കാർ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ചെന്നിത്തല സ്വന്തം വണ്ടിക്ക് അപേക്ഷ നൽകിയത്. അനുമതി ഉണ്ടെന്ന കെ എം ഷാജിയുടെ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു.