'പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമേരിക്കയില്‍ ഇരുന്ന് കാബിനറ്റില്‍ അധ്യക്ഷനായി'; വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ
നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്ത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അമേരിക്കയിലിരുന്നാണ് കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചതെന്നും, താൻ തിരുവനന്തപുരത്തിരുന്ന് സംസ്ഥാനത്തെ കാര്യങ്ങൾ അവലോകനം ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു. 2018-ൽ രോഗം ഒരു പ്രദേശത്ത് മാത്രം പടർന്നതിനാലാണ് അന്നത്തെ മന്ത്രി അവിടെ ക്യാമ്പ് ചെയ്തത്. നിലവിൽ നിപ വ്യാപിച്ചിട്ടില്ലെന്നും തിരുവനന്തപുരത്താണ് ഏകോപനത്തിന് കൂടുതൽ സൗകര്യമെന്നും മന്ത്രി വ്യക്തമാക്കി.
മരുന്നുകൾ ലഭ്യമല്ലെന്ന വാർത്തകൾ ദൗർഭാഗ്യകരമാണെന്നും ഇത്തരം പ്രചാരണങ്ങൾ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കുമെന്നും മന്ത്രി പറഞ്ഞു. തന്നെ രാഷ്ട്രീയമായി ആക്രമിക്കുന്നതുകൊണ്ട് ആരും പേടിപ്പിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിപ പരിശോധനാ ഫലവുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പത്തിൽ കളക്ടർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്) വിവരങ്ങൾ മറച്ചുവെക്കുകയായിരുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി.
വകുപ്പിൽ ചിലർ സർക്കാരുമായി സഹകരിക്കാതെ 'തൊരപ്പൻ പണി' കാണിക്കുന്നുണ്ടെന്നും, അതുകൊണ്ടാണ് മുൻ ഡി.എച്ച്.എസ് റീനയെ മാറ്റിയതെന്നും മന്ത്രി തുറന്നടിച്ചു. ഇത്തരം ആളുകളെ ഇനിയും മാറ്റുമെന്നും അത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ നിപയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സമ്പർക്കപ്പട്ടികയിലുള്ള ഭൂരിഭാഗം പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.