വന്ദേമാതരം പാടാന്‍ എന്താണ് ലീഗിന് വിഷമം- രാജീവ് ചന്ദ്രശേഖര്‍

 

 

ജോണ്‍ ബ്രിട്ടാസ് എംപിയെ ലുങ്കിവാല എന്ന് അധിക്ഷേപിച്ചയാള്‍ വിഡ്ഢിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നേരത്തെ കോണ്‍ഗ്രസ് എംപി ജയറാം രമേശും തന്നെ ലുങ്കിവാല എന്നുവിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സംസാരിക്കുന്നതിനിടെയാണ് ജോണ്‍ ബ്രിട്ടാസിനെ ബിജെപി അംഗം സുഷ്മിത ദേബ് ലുങ്കിവാല എന്ന് വിളിച്ച് അധിക്ഷേപിച്ചത്.

'ഞാന്‍ ലുങ്കിവാലയാണെന്ന് ജയറാം രമേശ് പറഞ്ഞിട്ടുണ്ടല്ലോ?. ജയറാം രമേശ് ഒരു വിഡ്ഢിയാണ്. അതുകൊണ്ട് താന്‍ അക്കാര്യത്തില്‍ പ്രതികരിച്ചില്ല. അങ്ങനെ ആരു പറഞ്ഞാലും വിഡ്ഡിത്തമാണ്. അത് റേസിസം ആയി കാണുന്നില്ല. ജയറാം രമേശ് വിഡ്ഡിയാണ്, ലുങ്കിവാല പരാമര്‍ശം നടത്തിയ എംപിയും വിഡ്ഡിയാണ്. ആര് എന്ത് കഴിക്കുന്നു, എന്ത് ഉടുക്കുന്നു എന്നതല്ല ചര്‍ച്ച ചെയ്യേണ്ടത്. ചര്‍ച്ച ചെയ്യേണ്ട എന്തെല്ലാം കാര്യങ്ങളുണ്ട്. ഇത്തരം വിവാദങ്ങളുടെ വാല് പിടിച്ച് ഓടുന്നതില്‍ പങ്കെടുക്കാന്‍ എനിക്ക് താത്പര്യമില്ല'- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

'വന്ദേമാതരം മുഴുവനായി പാടണമെന്ന നിയമം പാസാക്കിയത് പാര്‍ലമെന്റാണ്. ദേശീയഗാനം പാടാന്‍ ആര്‍ക്കും വിഷമമുണ്ടാകരുത്. നമ്മള്‍ ഭാരതീയരാണ്. ദേശീയഗാനവും ദേശീയഗീതവും പാടുന്നത്‌കൊണ്ട് എന്താണ് വിഷമം. മുസ്ലീം ലീഗിന് വിഷമം ഉണ്ടെങ്കില്‍ എന്തുകൊണ്ട്?' രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.