കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വഴി തടഞ്ഞ് കാട്ടാന

 

കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വഴി തടഞ്ഞ് കാട്ടാന. വാഴച്ചാലിന് അടുത്ത് ചാർപ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വാഴച്ചാൽ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു മന്ത്രി. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ആനയെ തുരത്തി.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദർശിച്ചു. അതിനുശേഷം ഗസ്റ്റ് ഹൗസിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. കാട്ടാന ആക്രമണ വിഷയമാണ് ചർച്ചയുടെ അജൻഡ. കർഷകനായ വൈശേരി സ്വദേശി പുല്ലാർക്കാട്ട് മോഹനനാണു (65) കാട്ടാനയുടെ ആക്രമണത്തിൽ മേയ് 30ന് ജീവൻ നഷ്ടപ്പെട്ടത്. കൃഷിയിടത്തിൽ കാട്ടാന വന്നതറിഞ്ഞു സഹോദരനും അയൽവാസിയായ യുവാവിനും ഒപ്പം ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മോഹനനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.