തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും തൊഴിൽ നിയമങ്ങൾ പിന്തുടരണമെന്നും യോഗി ആദിത്യനാഥ്
തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും തൊഴിൽ നിയമങ്ങൾ പിന്തുടരണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫാക്ടറികൾക്ക് നിർദേശം നൽകി. ശമ്പള വർധനവും എട്ട് മണിക്കൂർ ജോലി സമയം നടപ്പാക്കലും ആവശ്യപ്പെട്ട് ഇന്ന് രാവിലെ നോയിഡയിൽ തൊഴിലാളികൾ തെരുവിൽ ഇറങ്ങി പ്രതിഷേധമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി ഇടപെട്ടത്. പ്രതിഷേധങ്ങൾക്കിടെ പ്രശ്നങ്ങളുണ്ടാക്കിയ സാമൂഹിക വിരുദ്ധ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. നിലവിലുള്ള ശമ്പളം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു തൊഴിലാളികൾ പറഞ്ഞത്. ഹരിയാന സർക്കാർ മിനിമം വേതനം നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നോയിഡയിലെ തൊഴിലാളികൾ വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. തൊഴിലാളികളിൽ ഭൂരിഭാഗവും പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നും ഈ തുക കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നും ചോദ്യം ഉയർത്തിയിരുന്നു. ദിവസവും 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും എട്ട് മണിക്കൂർ ഷിഫ്റ്റ് നിർബന്ധമായും നടപ്പാക്കണമെന്നും തൊളിലാളികൾ ആവശ്യപ്പെട്ടു.
ഓവർടൈം ജോലിക്ക് മിക്ക കമ്പനികളും പണം നൽകുന്നില്ല. പ്രതിമാസം 20,000 രൂപ മിനിമം വേതനം വേണം. ശരിയായ സമയത്ത് ഭക്ഷണം നൽകുന്നില്ലെന്നും സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്നും തൊഴിലാളികൾ പറഞ്ഞിരുന്നു. ഓരോ തൊഴിലാളിക്കും ഒരു ദിവസം കുറഞ്ഞത് 800 രൂപ ലഭിക്കണം. ഇപ്പോൾ, 300-400 രൂപയേ ലഭിക്കുന്നുള്ളൂ. പാചക വാതകം മുതൽ മുറി വാടക, സ്കൂൾ ഫീസ് വരെ എല്ലാം ചെലവേറിയതായി മാറുകയാണ്. പക്ഷേ തങ്ങളുടെ ശമ്പളം മാത്രം വർദ്ധിക്കുന്നില്ലെന്നും തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. അതേസമയം പ്രതിഷേധക്കാർ കാറുകൾ കത്തിക്കുകയും പ്രധാന റോഡുകളിലെ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. ഫാക്ടറി തൊഴിലാളികൾ സായുധ പലീസുമായി ഏറ്റുമുട്ടി. നിരവധി വ്യാവസായിക യൂണിറ്റുകൾ സ്ഥിതി ചെയ്യുന്ന ഫേസ് 2-ൽ ചില തൊഴിലാളികൾ പൊലീസ് വാൻ ഉൾപ്പെടെയുള്ള കാറുകൾ തകർക്കുകയും കെട്ടിടങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി.