പപ്പായ കഴിക്കുമ്പോൾ കുരു കളയാറുണ്ടോ?​;  ഇങ്ങനെ കഴിച്ചാൽ ഗുണങ്ങളേറെ

 

കേരളത്തിലെ പല സ്ഥലങ്ങളിലും പപ്പായ പല പേരുകളിലാണ് അറിയപ്പെടുന്നത്. പച്ച പപ്പായയും പഴുത്ത പപ്പായയും കഴിക്കാൻ യോഗ്യമാണ്. പഴുത്ത പപ്പായ നിങ്ങൾ എങ്ങനെയാണ് കഴിക്കുന്നത്? മിക്കവരും പപ്പായയുടെ കുരു മാ​റ്റിയതിനു ശേഷമാണ് കഴിക്കാറുളളത്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പപ്പായ കഴിക്കുന്നതിനോടൊപ്പം അതിന്റെ കുരുക്കളും കഴിക്കാമെന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം.

പോഷകസമ്പന്നമായ ഒരു പഴവർഗമാണ് പപ്പായ. ഇതിൽ നിരവധി ആന്റിഓക്സിഡന്റുകൾ.വി​റ്റാമിനുകൾ, ദഹനം സുഗമമാക്കാൻ സഹായിക്കുന്ന എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മസംരക്ഷണത്തിനും പപ്പായ കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് മുംബയിലെ സൈനോവ ഷാൽബി ആശുപത്രിയിലെ ഡയ​റ്റീഷ്യനായ ജിനൽ പട്ടേൽ പറയുന്നത്.

കൂടാതെ ഹൃദയത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും ക്യാൻസർ സാദ്ധ്യത കുറയ്ക്കാനും പപ്പായ കഴിക്കുന്നത് സഹായിക്കും. പപ്പായയോടൊപ്പം അതിന്റെ വിത്തുകൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ജിനൽ വാദിച്ചിരിക്കുന്നത്. ഇത് വയറുവേദന, അസ്വസ്ഥത, വയറു വീർക്കൽ എന്നീ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും അവർ പറയുന്നു.

എന്നാൽ ഡൽഹിയിലെ മദേഴ്സ് ലാപ് ഐവിഎഫ് സെന്ററിലെ മെഡിക്കൽ ഡയറക്ടറും ഗൈനക്കേളജിസ്ററുമായ ഡോക്ടർ ശോഭ ഗുപ്ത പറയുന്നത് ഇങ്ങനെ 'പപ്പായയുടെ കുരുക്കൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രധാനമായും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പപ്പായയുടെ കുരുക്കൾ കഴിക്കുന്നത് ഗുണം ചെയ്യും. പപ്പായയുടെ കുരുക്കളിൽ നിറയെ എൻസൈമുകളും ആന്റിഓക്സിഡന്റുകളും ഗുണകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. പപ്പായയുടെ കുരുക്കൾ കഴിക്കുന്നത് എല്ലാവരിലും ഗുണം ചെയ്യില്ല'- അവർ വ്യക്തമാക്കി.

അമിതമായ അളവിൽ പപ്പായയുടെ കുരുക്കൾ കഴിക്കരുതെന്നും ശോഭ പറയുന്നു. പഴുത്ത പപ്പായ കഴിക്കുന്നത് സ്ത്രീകളിൽ ആർത്തവചക്രത്തെ ക്രമപ്പെടുത്താൻ സഹായിക്കും. എന്നാൽ ഗർഭസമയത്ത് പപ്പായ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. അതുപോലെ ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവരും പപ്പായ വിത്തുകൾ കഴിക്കരുത്.