ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; ആനന്ദ് വിഹാറിൽ സൂചിക 400ന് മുകളിൽ

 

തലസ്ഥാന നഗരമായ ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷമാകുന്നു. ആനന്ദ് വിഹാറിൽ വായു ഗുണനിലവാര സൂചിക 400ന് മുകളിലെത്തി. ഡൽഹിയിലെ പലയിടത്തും വായു ഗുണനിലവാരസൂചിക 300ന് മുകളിലുമാണ്.

ഞായറാഴ്ച രാത്രിയിൽ ഡൽഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളിൽ 28 കേന്ദ്രങ്ങളിലും വായുഗുണനിലവാരം സൂചികയിൽ വളരെ മോശം എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരുന്നത്. ആനന്ദ വിഹാറിൽ ഇത് ഒരുപടി കൂടി താഴ്ന്ന് ഗുരുതരം എന്ന വിഭാഗത്തിലുമെത്തി. വൈകീട്ട് നാലിന് നഗരത്തിന്റെ വായുഗുണനിലവാരം സൂചികയിൽ 296ലെത്തുകയും പിന്നീട് രാത്രിയോടെ സൂചിക 300ന് മുകളിലേക്കും 400ന് മുകളിലേക്കുമെല്ലാം എത്തുകയായിരുന്നു. ആനന്ദ് വിഹാറിൽ രാത്രി 10ന് സൂചിക 409 പോയിന്റിലെത്തി.

വാസിർപൂരിൽ വായുഗുണനിലവാര സൂചിക 364ലും വിവേക് വിഹാറിൽ 351 പോയിന്റ്‌റിലും ദ്വാരകയിൽ 335 പോയിന്റിലും ആർകെ പുരത്ത് 323 പോയിന്റിലുമെത്തി. ആശങ്കപ്പെടുത്തുന്ന അവസ്ഥയായാണ് ഇതിനെ വിദഗ്ധർ വിലയിരുത്തുന്നത്. ഡൽഹിയിലെ ആകെ മലിനീകരണത്തിൽ 15.1 ശതമാനമുണ്ടായത് വാഹനങ്ങളിൽ നിന്നുള്ള പുക മൂലമാണെന്നാണ് വിലയിരുത്തൽ.