ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരായ ഫ്‌ലക്സ് ബോർഡുകൾ സ്ഥാപിച്ചത് ഡിഎംകെ

 

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായി ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട ഫ്‌ലക്സ് ബോർഡുകൾ സ്ഥാപിച്ചത് തങ്ങളെന്ന് ഡിഎംകെ. മുഖപത്രമായ 'മുരസൊലി'യിലാണ് ഡിഎംകെ ഇക്കാര്യം സ്ഥിരീകരിച്ചത്. പാർട്ടി പ്രവർത്തകരുടെ വികാരം അറിയിക്കാനാണ് ഫ്‌ലക്സ് ബോർഡുകൾ സ്ഥാപിച്ചത് എന്നാണ് മുഖപത്രത്തിൽ പറയുന്നത്.

ഇന്ത്യ സഖ്യത്തിന്റെ യോഗം ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപാണ് ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഫ്‌ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. സഖ്യത്തിലെ നേതാക്കളായ ശരദ് പവാർ, മമത ബാനർജി എന്നിവർ രാഹുൽ ഗാന്ധിക്കെതിരെ മുൻപ് ഉന്നയിച്ച വിമർശനങ്ങളും ബോർഡുകളിൽ ഉൾപ്പെടുത്തിയിരുന്നു.'സ്ഥിരതയില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധി എന്നായിരുന്നു ഫ്ലക്സിലെ പ്രധാന വിമർശനം .എം.കെ. സ്റ്റാലിൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, പിണറായി വിജയൻ, ഉദയനിധി സ്റ്റാലിൻ എന്നിവരുടേതുൾപ്പെടെയുള്ള ചിത്രങ്ങളും ബോർഡുകളിൽ ഉൾപ്പെടുത്തിയിരുന്നു.ഫ്‌ലക്സ് ബോർഡുകൾ സ്ഥാപിച്ചത് ആരാണെന്ന് ആദ്യഘട്ടത്തിൽ വ്യക്തമായിരുന്നില്ല. പിന്നാലെയാണ് ഡിഎംകെയുടെ സ്ഥിരീകരണം.

തമിഴ്നാട്ടിൽ ഡിഎംകെ പരാജയപ്പെട്ടതിന് പിന്നാലെ സഖ്യകക്ഷിയായ കോൺഗ്രസ് ടിവികെ സർക്കാരിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ ഡിഎംകെ ഇന്ത്യ സഖ്യത്തിൽ ഇടഞ്ഞു നിൽക്കുകയായിരുന്നു. കഴിഞ്ഞദിവസം ചേർന്ന ഇന്ത്യ സഖ്യ യോഗത്തിലും ഡിഎംകെ പങ്കെടുത്തിരുന്നില്ല.