കർണാടകയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു
May 24, 2026, 19:35 IST
കർണാടകയിലെ ഉത്തര കന്നട ജില്ലയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു. ഭട്ട്കലിനടുത്ത ഹൊക്കലു നദിയിലാണ് ദാരുണ സംഭവം ഉണ്ടായത്. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളാണ്.ഒരേ കുടുംബത്തിലെ 14 അംഗ സംഘമാണ് നദിയിലേക്ക് കക്ക ശേഖരിക്കാൻ ഇറങ്ങിയത്. ഇതിനിടെ നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതോടെ പലരും ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയ മൂന്നു പേരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.കാണാതായ മറ്റ് മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് പൊലീസ്, അഗ്‌നിരക്ഷാസേന, ദുരന്തനിവാരണ വിഭാഗം എന്നിവർ നേതൃത്വം നൽകുന്നുണ്ട്.സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായും സർക്കാർ അറിയിച്ചു.