പാക് അധീന കശ്മീരിൽ സംഘർഷം; സുരക്ഷാസേനയുടെ വെടിവെപ്പിൽ 30 മരണം, ഇരുന്നൂറിലേറെപ്പേർക്ക് പരിക്ക്
പാക് അധീന കശ്മീരിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ശക്തമായ സംഘർഷത്തിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. 'ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി' (JAAC) എന്ന സംഘടനയെ അധികൃതർ നിരോധിച്ചതിന് പിന്നാലെയാണ് റവാലാകോട്ട് ഉൾപ്പെടെയുള്ള മേഖലകളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്തെ രാഷ്ട്രീയ-സാമ്പത്തിക പ്രശ്‌നങ്ങൾ ഉന്നയിച്ച് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സംഘടനകളുടെ സഖ്യമാണ് ജെ.എ.എ.സി.
ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ഭരണകൂടം ജെ.എ.എസിക്ക് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച സുരക്ഷാസേനയുടെ വെടിയേറ്റ് ഒരു വ്യാപാരി കൊല്ലപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച റവാലാകോട്ട് നഗരത്തിൽ പ്രതിഷേധം ശക്തമാകുകയായിരുന്നു. കൊല്ലപ്പെട്ട വ്യാപാരിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രി മോർച്ചറിക്ക് മുന്നിൽ ഒത്തുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന ശ്രമിച്ചതാണ് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
പ്രതിഷേധക്കാർ ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി റവാലാകോട്ട് കമ്മീഷണർ സർദാർ വഹീദ് ഖാൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സുരക്ഷാസേന നടത്തിയ തിരിച്ചടിയിലാണ് മരണങ്ങൾ സംഭവിച്ചതെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ, ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാൾ കൂടുതലാണ് യഥാർത്ഥ നാശനഷ്ടമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പാക് അധീന കശ്മീരിലെ നിയമനിർമ്മാണ സഭയിലേക്ക് ജൂലൈ 27-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 12 സീറ്റുകൾ അഭയാർഥികൾക്കായി സംവരണം ചെയ്തതിനെതിരെ ജെ.എ.എസി വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തിരുന്നു. കടുത്ത പണപ്പെരുപ്പം, തൊഴിലില്ലായ്മ, നിരന്തരമായ ഇന്റർനെറ്റ് വിച്ഛേദിക്കൽ, വൈദ്യുതി തടസ്സം തുടങ്ങിയ പ്രാദേശിക പ്രതിസന്ധികൾ ഉന്നയിച്ച് കഴിഞ്ഞ കുറച്ചുകാലമായി ഈ മേഖലയിൽ സമരങ്ങൾ നടന്നുവരികയായിരുന്നു.