ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് ജയം
ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ്, സ്‌പെയിന്‍ ടീമുകള്‍ക്ക് സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ ജയം. കന്നി ലോകകപ്പ് കിരീടം സ്വപ്‌നം കാണുന്ന നെതര്‍ലന്‍ഡ്‌സും അവസാന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.
കഴിഞ്ഞ ദിവസം ഐവറി കോസ്റ്റിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ഫ്രാന്‍സ് അവസാന സന്നാഹത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ വീഴ്ത്തിയാണ് ജയ വഴിയില്‍ തിരിച്ചെത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ടീം വിജയം സ്വന്തമാക്കിയത്.
സീസണില്‍ മിന്നും ഫോമില്‍ ബയേണ്‍ മ്യൂണിക്ക് ജേഴ്‌സിയില്‍ വെട്ടിത്തിളങ്ങിയ മൈക്കല്‍ ഒലീസെയുടെ ഹാട്രിക്ക് ഗോളുകളാണ് ഫ്രാന്‍സിനെ ജയത്തിലെത്തിച്ചത്. കളിയുടെ 43, 49, 75 മിനിറ്റുകളിലാണ് ഒലീസെ മാജിക്ക്. അയര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ 64ാം മിനിറ്റില്‍ പാട്രിക്ക് കെല്ലി വലയിലാക്കി.