ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടി20: ഹാർദിക് വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് 176 റൺസ് വിജയലക്ഷ്യം

 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ, പരിക്കിന് ശേഷം തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 176 റൺസ് വേണം. കട്ടക്കിലെ ബാരാബതി സ്റ്റേഡിയം ഹാർദിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗിനാണ് സാക്ഷ്യം വഹിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മോശമായിരുന്നു. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആദ്യ ഓവറിൽ തന്നെ പുറത്തായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (12) നിരാശപ്പെടുത്തി. പിന്നാലെ ക്രീസിലെത്തിയ തിലക് വർമ്മ ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചു. പവർപ്ലേ പൂർത്തിയാകുമ്പോൾ 40 റൺസ് മാത്രമാണ് ടീമിന് നേടാനായത്. അഭിഷേക് ശർമ്മ (17), അക്ഷർ പട്ടേൽ (23) എന്നിവർക്ക് വലിയ കൂട്ടുകെട്ടുണ്ടാക്കാനായില്ല.

എന്നാൽ, പരിക്കിന് ശേഷം ടീമിൽ തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് അവസരം കൊടുക്കാതെ തകർത്തടിച്ചു. 28 പന്തിൽ നിന്ന് 6 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടെ 59 റൺസാണ് ഹാർദിക് നേടിയത്. ഹാർദിക്കിന്റെ ഈ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ശിവം ദുബെ 11 റൺസ് നേടി പുറത്തായപ്പോൾ, സഞ്ജുവിന് പകരമിറങ്ങിയ ജിതേഷ് ശർമ്മ 10 റൺസെടുത്ത് പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റും എൽ. സിപാംല രണ്ട് വിക്കറ്റും ഡി. ഫെരൈയ്‌രെ ഒരു വിക്കറ്റും വീഴ്ത്തി.