ചാംപ്യൻസ് ലീഗിൽ ഇന്ന് പിഎസ്ജി- ബയേൺ, ലിവർപൂൾ- റയൽ മാഡ്രിഡ് പോരാട്ടങ്ങൾ
യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്ന് കിടിലൻ പോരാട്ടങ്ങൾ. മുൻ ചാംപ്യൻമാരായ റയൽ മാഡ്രിഡും ലിവർപൂളും ആൻഫീൽഡിൽ നേർക്കുനേർ വരും. മറ്റൊരു മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) മുൻ ചാംപ്യൻമാരും ജർമൻ വമ്പൻമാരുമായ ബയേൺ മ്യൂണിക്കുമായി ഏറ്റുമുട്ടും. നാപ്പോളി, ആഴ്സണൽ, അത്ലറ്റിക്കോ മാഡ്രിഡ്, യുവന്റസ്, ടോട്ടനം ഹോട്സ്പർ ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. പ്രീമിയർ ലീഗിലെ തുടർ തോൽവികളിൽ നിന്നു മുക്തി നേടി വിജയ വഴിയിലെത്തിയാണ് ലിവർപൂൾ സ്വന്തം തട്ടകത്തിൽ ഷാബി അലോൺസോയുടെ റയൽ മാഡ്രിഡിനെ നേരിടാനിറങ്ങുന്നത്.റയലിനെ വീഴ്ത്തിയാൽ അത് അർനെ സ്ലോട്ടിന്റെ ടീമിനു നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. എന്നാൽ ലാ ലിഗയിലും ചാംപ്യൻസ് ലീഗിലും മിന്നും ജയങ്ങളുമായി കുതിക്കുന്ന റയലിനെ പിടിച്ചു നിർത്തുക എന്നത് ലിവർപൂളിനു എളുപ്പമായിരിക്കില്ല.
ചാംപ്യൻസ് ലീഗിൽ ഇത്തവണ കളിച്ച മൂന്നിൽ മൂന്ന് കളികളും ജയിച്ചാണ് റയൽ നിൽക്കുന്നത്. ലിവർപൂളിനു ഒരു തോൽവിയുണ്ട്. രണ്ട് ജയങ്ങളും. 5 ഗോളുകളുമായി കിലിയൻ എംബാപ്പെ ചാംപ്യൻസ് ലീഗ് ഗോൾ വേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ട്. ഫ്രഞ്ച് നായകനെ പിടിച്ചുകെട്ടുക എന്നതായിരിക്കും ലിവർപൂൾ പ്രതിരോധത്തിന്റെ വലിയ ടാസ്‌ക്. ജൂഡ് ബെല്ലിങ്ഹാം, വിനിഷ്യസ് ജൂനിയർ അടക്കമുള്ള താരങ്ങളും ലിവർപൂളിനു തലവേദനയുണ്ടാക്കും.ഫ്ളോറിയൻ വിയറ്റ്സ് അടക്കമുള്ള പുതിയ സൈനിങുകൾ വേണ്ടത്ര ഫോമിലേക്ക് ഉയരാത്തതാണ് ലിവർപൂളിന്റെ തിരിച്ചടികൾക്കു കാരണം. മുഹമ്മദ് സലയ്ക്ക് പഴയതു പോലെ മികവ് കാണിക്കാൻ സാധിക്കുന്നില്ലെന്ന ആരോപണവും ആരാധകർ ഉന്നയിക്കുന്നുണ്ട്. പാരിസിലാണ് ഇന്ന് തീപാറും പോരാട്ടങ്ങളിൽ മറ്റൊന്നുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്ന പിഎസ്ജിയും ബയേൺ മ്യൂണിക്കും നേർക്കുനേർ വരുന്നതാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം.
ഈ സീസണിൽ എല്ലാ ടൂർണമെന്റിലുമായി കളിച്ച 15 മത്സരങ്ങളിൽ 15ഉം ജയിച്ചാണ് വിൻസന്റ് കോംപനിയും ബയേൺ നിൽക്കുന്നത്. യൂറോപ്പിൽ സീസൺ സ്റ്റാർട്ടിൽ തുടരെ 15 മത്സരങ്ങൾ ജയിക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി ബയേൺ മാറിയിട്ടുണ്ട്. 1992-93 കാലത്ത് ഫാബിയോ കാപ്പല്ലോയുടെ എസി മിലാൻ തുടരെ 13 മത്സരങ്ങൾ ജയിച്ചതിന്റെ റെക്കോർഡാണ് ബയേൺ മായ്ച്ചത്.ഗോളടിച്ചു കൂട്ടുന്ന ഹാരി കെയ്നിന്റെ മികവിൽ സീസണിൽ ആക്രമണ ഫുട്ബോളാണ് ബയേൺ കളിക്കുന്നത്. കെയ്ൻ, മൈക്കൽ ഓലീസെ, ലൂയീസ് ഡിയാസ്, സെർജ് ഗ്‌നാബ്രി, ജോഷ്വ കിമ്മിച്, ലിയോൻ ഗൊരെറ്റ്സ്‌ക അടക്കമുള്ള താരങ്ങൾ തകർപ്പൻ ഫോമിൽ. നിലവിൽ 5 ഗോളുകളുമായി ചാംപ്യൻസ് ലീഗിൽ ഈ സീസണിലെ ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാമതാണ് കെയ്ൻ.
പിഎസ്ജി നിലവിലെ ചാംപ്യൻസ് ലീഗ് കിരീട ജേതാക്കളാണ്. അവരും സീസണിൽ മിന്നും ഫോമിൽ മുന്നേറുകയാണ്. ഉസ്മാൻ ഡെംപലെ, വിറ്റിഞ്ഞ, ഹക്കിമി അടക്കമുള്ള താരങ്ങളുടെ മികവും അവർക്ക് കരുത്താണ്. ഇരു ടീമുകളും മികവിലായതിനാൽ മത്സരം ആരാധകരെ സംബന്ധിച്ചു ആവേശകരമായിരിക്കും. പരിശീലകൻ ഇഗോ ട്യുഡോറിനെ പുറത്താക്കി ചാംപ്യൻസ് ലീഗിൽ തിരിച്ചു വരാൻ ഒരുങ്ങുകയാണ് യുവന്റസ്. ലൂസിയാനോ സ്പല്ലെറ്റിയെ പരിശീലകനായി എത്തിച്ചാണ് അവർ തിരിച്ചു വരവിനൊരുങ്ങുന്നത്. മൂന്നിൽ രണ്ട് സമനിലയും ഒരു തോൽവിയുമായി 2 പോയിന്റ് മാത്രമാണ് ഇറ്റാലിയൻ കരുത്തർക്കുള്ളത്. ഇന്ന് സ്പോർടിങ് സിപിയുമായാണ് അവർ നേർക്കുനേർ വരുന്നത്.ആഴ്സണൽ ഇന്ന് സ്ലാവിയ പ്രാഹയുമായാണ് നേർക്കുനേർ വരുന്നത്. എയ്ൻട്രാക്ട് ഫ്രാങ്ക്ഫർടാണ് നാപ്പോളിയുടെ എതിരാളികൾ. അത്ലറ്റിക്കോ മാഡ്രിഡ് യുനിയർ സെയ്ന്റ് ഗില്ലിയോസിമായും ലിവർപൂൾ കോപ്പൻഹെഗനുമായും ഏറ്റുമുട്ടും.