ഓപൺഎഐയുടെ എ.ഐ. ബ്രൗസറായ 'അറ്റ്ലസ്' എത്തി; ഗൂഗിളിന് വെല്ലുവിളിഓപൺഎഐയുടെ എ.ഐ. ബ്രൗസറായ 'അറ്റ്ലസ്' എത്തി; ഗൂഗിളിന് വെല്ലുവിളി
ഗൂഗിളിന്റെ ഇന്റർനെറ്റ് രംഗത്തെ വലിയ സ്വാധീനത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഓപൺഎഐ അവരുടെ പുതിയ എ.ഐ. വെബ് ബ്രൗസറായ 'അറ്റ്ലസ്' പുറത്തിറക്കി. നിർമിത ബുദ്ധി (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ബ്രൗസർ ചൊവ്വാഴ്ചയാണ് ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളെ ലക്ഷ്യമാക്കി അവതരിപ്പിച്ചത്. ഒരു വെബ് ബ്രൗസർ എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ച് പുതിയ ചിന്ത നൽകാൻ കിട്ടിയ വലിയ അവസരമാണിതെന്ന് ഓപൺഎഐ സി.ഇ.ഒ. സാം ആൾട്ട്മാൻ പറഞ്ഞു. ഈ ബ്രൗസറിനെ ചാറ്റ്ജിപിടിയുമായി പൂർണ്ണമായി ബന്ധിപ്പിച്ചതിനാൽ, എ.ഐ. സഹായം ലഭിക്കാൻ ഉപയോക്താക്കൾ പുതിയ ടാബുകളിലേക്ക് പോകേണ്ടതില്ല.
നിലവിലെ ബ്രൗസറുകളിലെ അഡ്രസ് ബാറിന് പകരം, ചാറ്റ്ജിപിടിയെ പോലെ ഒരു ചാറ്റ്ബോട്ട് രൂപത്തിലാണ് അറ്റ്ലസ് വരുന്നത്. എന്നാൽ നിലവിൽ ആപ്പിളിന്റെ മാക് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ. 'അറ്റ്ലസ്' പ്രഖ്യാപിച്ചതിന് പിന്നാലെ യു.എസ്. വിപണിയിൽ ഗൂഗിളിന്റെ ഓഹരി വില മൂന്ന് ശതമാനം കുറയുകയുണ്ടായി. ഇത്രയും കാലം വെബ് ബ്രൗസർ രംഗം അടക്കിഭരിച്ചിരുന്നത് ഗൂഗിളിന്റെ ക്രോം ആയിരുന്നു. ഈ മത്സരരംഗം കൂടുതൽ ശക്തമാവുകയായിരുന്നു. നേരത്തെ പെർപ്ലെക്സിറ്റി എന്ന സ്റ്റാർട്ടപ്പ് 'കൊമെറ്റ്' എന്ന എ.ഐ. ബ്രൗസർ കൊണ്ടുവന്നിരുന്നു.
ഗൂഗിൾ അവരുടെ ക്രോമിനെ ജെമിനിയുമായും മൈക്രോസോഫ്റ്റ് അവരുടെ എഡ്ജിനെ കോപൈലറ്റുമായും ബന്ധിപ്പിച്ചതിന് പിന്നാലെയാണ് ഈ രംഗത്ത് മത്സരം കടുത്തത്. ഗൂഗിളിന്റെ ക്രോം വിൽക്കാൻ തയ്യാറാണെങ്കിൽ വാങ്ങാൻ താൽപര്യമുണ്ടെന്ന് സാം ആൾട്ട്മാൻ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഓപൺഎഐയുടെ ജനപ്രിയമായ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഫെബ്രുവരിയിൽ 400 ദശലക്ഷം (40 കോടി) ആയിരുന്നത് ഈ മാസം 800 ദശലക്ഷമായി (80 കോടി) വർദ്ധിച്ചു. 2015-ൽ ഇലോൺ മസ്‌ക്, സാം ആൾട്ട്മാൻ, ഗ്രെഗ് ബ്രോക്മാൻ എന്നിവർ ചേർന്നാണ് ഓപൺഎഐ തുടങ്ങിയത്. നിലവിൽ 500 ബില്യൺ ഡോളർ (ഏകദേശം 44.33 ലക്ഷം കോടി രൂപ) വിപണി മൂലധനമുള്ള ഓപൺഎഐ, ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്സിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായി മാറിയിട്ടുണ്ട്.