ദുബൈ യാത്രകൾ എളുപ്പമാക്കി 5 വർഷത്തെ ടൂറിസ്റ്റ് വിസ; അറിയേണ്ടതെല്ലാം

 

യു.എ.ഇയിലേക്ക് അടിക്കടി യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും ആശ്വാസമേകി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ വിവരങ്ങൾ പങ്കുവെച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). അപേക്ഷ നൽകേണ്ട വിധവും ആവശ്യമായ യോഗ്യതകളും വ്യക്തമാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ജി.ഡി.ആർ.എഫ്.എ ഔദ്യോഗിക സോഷ്യൽ മീഡിയ പോർട്ടലുകൾ വഴി പുറത്തുവിട്ടു.

അഞ്ച് വർഷ സാധുതയുള്ള ഈ വിസ ഉപയോഗിച്ച് നിരവധി തവണ യു.എ.ഇയിൽ പ്രവേശിക്കാൻ സാധിക്കും. ഓരോ പ്രവേശനത്തിലും പരമാവധി 90 ദിവസം വരെ തുടർച്ചയായി രാജ്യത്ത് തങ്ങാം. നിബന്ധനകൾക്ക് വിധേയമായി ഇതേ കാലയളവിലേക്ക് താമസം നീട്ടാമെങ്കിലും, ഒരു വർഷത്തിനുള്ളിലെ ആകെ താമസദൈർഘ്യം 180 ദിവസത്തിൽ കവിയാൻ പാടില്ല. ദുബൈയിൽ പതിവായെത്തുന്ന വിനോദസഞ്ചാരികൾക്ക് ഓരോ യാത്രയ്ക്കും ഇനി പുതിയ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രധാന നേട്ടം.

കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ടാണ് അപേക്ഷിക്കാൻ പ്രാഥമികമായി വേണ്ടത്. കഴിഞ്ഞ ആറ് മാസത്തിനിടെ കുറഞ്ഞത് 4,000 യു.എസ്. ഡോളറോ തത്തുല്യമായ തുകയോ ബാങ്ക് ബാലൻസായി ഉണ്ടെന്ന് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റും സമർപ്പിക്കണം. വ്യക്തിഗത ഫോട്ടോ, സാധുവായ ആരോഗ്യ ഇൻഷുറൻസ്, യു.എ.ഇയിൽ നിന്നുള്ള യാത്രാ/മടക്ക ടിക്കറ്റ്, താമസിക്കുന്ന സ്ഥലത്തിന്റെ തെളിവ് എന്നിവയാണ് മറ്റു രേഖകൾ.

ജി.ഡി.ആർ.എഫ്.എയുടെ ഡിജിറ്റൽ സേവന സംവിധാനത്തിലൂടെയോ അമർ സെന്ററുകൾ വഴിയോ അപേക്ഷ സമർപ്പിക്കാം. സ്മാർട്ട് സർവീസ് സംവിധാനത്തിൽ യു.എ.ഇ പാസ് അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ സേവനം തിരഞ്ഞെടുത്ത് വിവരങ്ങൾ പൂരിപ്പിച്ച് ഫീസ് അടയ്ക്കണം. അപേക്ഷ അംഗീകരിച്ചാൽ ഇ-വിസ ഇമെയിലിൽ ലഭിക്കും. 48 മണിക്കൂറിനുള്ളിൽ സേവനം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.