വിമാന ടിക്കറ്റ് റീഫണ്ട്; പരിഷ്കരിച്ച നിയമങ്ങളുമായി ഡിജിസിഎ, യാത്രക്കാർക്ക് വൻ ആശ്വാസം

 

വിമാന ടിക്കറ്റ് ബുക്കിങ്, റദ്ദാക്കൽ, റീഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് അനുകൂലമായ പുതിയ മാർഗനിർദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറത്തിറക്കി. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ അധിക നിരക്ക് നൽകാതെ തന്നെ യാത്ര റദ്ദാക്കാനോ മാറ്റം വരുത്താനോ സാധിക്കുന്ന 'ലുക്ക്-ഇൻ ഓപ്ഷൻ' ആണ് പ്രധാന മാറ്റം. കൂടാതെ, ബുക്കിങ് സമയത്ത് സംഭവിക്കുന്ന അക്ഷരത്തെറ്റുകളോ മറ്റ് പിഴവുകളോ 24 മണിക്കൂറിനുള്ളിൽ ചൂണ്ടിക്കാണിച്ചാൽ വിമാനക്കമ്പനികൾ സൗജന്യമായി തിരുത്തി നൽകണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.

എയർലൈനുകളുടെ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ട്രാവൽ ഏജന്റുമാർ വഴിയോ പോർട്ടലുകൾ വഴിയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ റീഫണ്ട് ഉത്തരവാദിത്തവും ഇനി മുതൽ എയർലൈനുകൾക്കായിരിക്കും. റീഫണ്ട് അപേക്ഷ ലഭിച്ച് 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുക തിരികെ നൽകുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കണം. എന്നാൽ ആഭ്യന്തര യാത്രകൾ ഏഴ് ദിവസത്തിൽ താഴെയും അന്താരാഷ്ട്ര യാത്രകൾ 15 ദിവസത്തിൽ താഴെയുമാണെങ്കിൽ ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യങ്ങൾ ബാധകമല്ല.

മെഡിക്കൽ എമർജൻസി കാരണമുള്ള ടിക്കറ്റ് റദ്ദാക്കലിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരേ പിഎൻആറിൽ ഉൾപ്പെട്ട യാത്രക്കാരനോ കുടുംബാംഗമോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ റീഫണ്ടിന് അർഹതയുണ്ടാകും. കൃത്യസമയത്ത് റീഫണ്ട് ലഭിക്കുന്നില്ലെന്ന യാത്രക്കാരുടെ വ്യാപകമായ പരാതികളെത്തുടർന്നാണ് സർക്കാരിന്റെ ഈ സുപ്രധാന ഇടപെടൽ. 48 മണിക്കൂർ കഴിഞ്ഞുള്ള ഭേദഗതികൾക്ക് പഴയതുപോലെ റദ്ദാക്കൽ ഫീസ് നൽകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.