ദക്ഷിണേന്ത്യൻ യാത്രയിൽ ആലപ്പുഴയ്ക്ക് ഒന്നാം സ്ഥാനം; പത്തിൽ ഒൻപത് മാർക്ക് നൽകി വിദേശ വ്ലോഗർ
ദക്ഷിണേന്ത്യയിലെ തന്റെ യാത്രാനുഭവങ്ങൾ പങ്കുവെച്ച യു.കെ സ്വദേശിയും പ്രശസ്ത വ്ലോഗറുമായ റോറി പോർട്ടറുടെ റാങ്കിങ്ങിൽ കേരളത്തിലെ ആലപ്പുഴയ്ക്ക് മികച്ച സ്കോർ. ഈ വർഷം രണ്ട് തവണ ഇന്ത്യ സന്ദർശിച്ച റോറി, താൻ പോയ സ്ഥലങ്ങളെ പത്തിൽ റേറ്റ് ചെയ്യുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. പട്ടികയിൽ ആലപ്പുഴയ്ക്കും ഗോവയ്ക്കുമാണ് ഏറ്റവും ഉയർന്ന മാർക്കായ 9 ലഭിച്ചത്.
ആലപ്പുഴയിലെ ഹൗസ് ബോട്ട് യാത്ര അവിശ്വസനീയമായ അനുഭവമായിരുന്നുവെന്ന് റോറി വീഡിയോയിൽ പറയുന്നു. കായലിലൂടെയുള്ള യാത്രയും ഇഷ്ടപ്പെട്ട മത്സ്യം തിരഞ്ഞെടുത്ത് നൽകിയാൽ അപ്പോൾ തന്നെ പാകം ചെയ്തു നൽകുന്ന രീതിയും അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. ഗോവയുടെ തീരപ്രദേശത്തെയും ശാന്തമായ അന്തരീക്ഷത്തെയും പുകഴ്ത്തിയ താരം, സാങ്കേതികമായി ഗോവ ദക്ഷിണേന്ത്യയിൽ അല്ലെങ്കിലും അവിടുത്തെ സൗഹൃദപരമായ ഇടപെടലുകൾ കാരണമാണ് 9 മാർക്ക് നൽകിയതെന്ന് വിശദീകരിച്ചു.
കേരളത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിനും കൊച്ചിക്കും പത്തിൽ 8 മാർക്ക് വീതമാണ് അദ്ദേഹം നൽകിയത്. മൂന്നാറിലെ തേയിലത്തോട്ടങ്ങളും കളരിപ്പയറ്റ് ഉൾപ്പെടെയുള്ള ആയോധനകലകളും അദ്ദേഹത്തെ ആകർഷിച്ചു. കൊച്ചിയിലെ പോർച്ചുഗീസ്, ഡച്ച് വാസ്തുവിദ്യകളും നഗരത്തിലെ ജനങ്ങളുടെ നല്ല പെരുമാറ്റവും അദ്ദേഹം എടുത്തുപറഞ്ഞു. ആദ്യമായി ഇന്ത്യ സന്ദർശിക്കുന്നവർ ദക്ഷിണേന്ത്യ തീർച്ചയായും തിരഞ്ഞെടുക്കണമെന്നും അത് ഒരിക്കലും നഷ്ടമാകില്ലെന്നും പറഞ്ഞാണ് റോറി തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.