ദീർഘദൂര യാത്രകൾ ഒഴിവാക്കി ബഹ്‌റൈൻ സഞ്ചാരികൾ; യൂറോപ്പ് യാത്രകളിൽ 40% കുറവ്
വേനൽക്കാലത്ത് ദീർഘദൂര യാത്രകൾ ഒഴിവാക്കി അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ബഹ്‌റൈൻ സഞ്ചാരികൾ ചുവടുമാറ്റുന്നു. വിമാന നിരക്കുകൾ വർദ്ധിച്ചതും പ്രാദേശിക സാഹചര്യങ്ങളുമാണ് യാത്രാ പദ്ധതികൾ മാറ്റാൻ കാരണം. ഇതോടെ യൂറോപ്പ്, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലേക്കുള്ള യാത്രാ ഡിമാൻഡിൽ 40 ശതമാനത്തോളം കുറവുണ്ടായതായി ട്രാവൽ രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
യൂറോപ്പിന് പകരമായി ഒമാനിലെ സലാല, സൗദി അറേബ്യയിലെ അസീർ, അബഹ, ജിസാൻ തുടങ്ങിയ കുളിർമയുള്ള പ്രദേശങ്ങളാണ് ഇപ്പോൾ ബഹ്‌റൈനികൾ തിരഞ്ഞെടുക്കുന്നത്. കൂടാതെ എളുപ്പത്തിൽ വിസ ലഭിക്കുന്ന ജോർജിയ, അസർബൈജാൻ, ഉസ്‌ബെക്കിസ്ഥാൻ, ബോസ്‌നിയ, അൽബേനിയ എന്നീ രാജ്യങ്ങളിലേക്കും സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്.
വിമാന ടിക്കറ്റ് നിരക്കിൽ 50 ഡോളർ വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഹോട്ടൽ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നത് സഞ്ചാരികൾക്ക് ആശ്വാസമാണ്. യാത്ര മുടങ്ങിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കുന്ന ഫ്ലെക്സിബിൾ ബുക്കിംഗ് സൗകര്യങ്ങളും ട്രാവൽ ഏജൻസികൾ ഇപ്പോൾ ഒരുക്കുന്നുണ്ട്. കേവലം ആഡംബരത്തിനപ്പുറം പുതിയ അനുഭവങ്ങൾക്കും സാംസ്കാരിക വിനിമയങ്ങൾക്കുമാണ് സഞ്ചാരികൾ ഇപ്പോൾ മുൻഗണന നൽകുന്നത്.