അധിക നിരക്കില്ലാതെ ബുക്കിങ്ങിൽ മാറ്റം വരുത്താം; യാത്രാ ഇളവുകളുമായി സൗദി എയർലൈൻസ്
അന്താരാഷ്ട്ര സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ബുക്കിങ്ങിൽ അധിക നിരക്കുകൾ നൽകാതെ തന്നെ ഒരു തവണ മാറ്റങ്ങൾ വരുത്താനുള്ള വലിയ ഇളവുമായി സൗദി എയർലൈൻസ് (Saudia). ജൂൺ മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള ഈ വേനൽക്കാല തിരക്ക് മുൻനിർത്തി ഷെഡ്യൂൾ ചെയ്ത സർവീസുകളും അധിക സർവീസുകളും സുഗമമായി നടത്തുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനൊപ്പമാണ് ഈ പ്രഖ്യാപനം.
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി ടിക്കറ്റ് തുക അടയ്ക്കുന്നതിനായി എല്ലാ റൂട്ടുകളിലേക്കുമുള്ള ടിക്കറ്റ് ബുക്കിങ്ങിന് 'തമാര' (Tamara) ആപ്പ് വഴി തവണകളായി (Instalment) പണം അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം യാത്രക്കാർക്ക് കൂടുതൽ വ്യക്തതയും ഫ്ലെക്സിബിലിറ്റിയും നൽകുന്നതിനായി അധിക ലഗേജുകൾ കൊണ്ടുപോകുന്നതിനുള്ള നിരക്കുകളിലും എയർലൈൻസ് ആകർഷകമായ പരിഷ്കരണങ്ങൾ വരുത്തിയിട്ടുണ്ട്. ഉയർന്ന തിരക്കുള്ള സീസണുകൾ തങ്ങളുടെ ദശാബ്ദങ്ങളായുള്ള പ്രവർത്തന പരിചയം കൊണ്ട് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാധിക്കാറുണ്ടെന്നും വിമാനത്താവളങ്ങളിലെ സുഗമമായ യാത്രയും കൃത്യസമയത്തുള്ള സർവീസുകളും ഉറപ്പാക്കുമെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി.