ഗൾഫ് മേഖലയിൽ വിമാന സർവീസുകളിൽ മാറ്റം; കേരളത്തിലേക്കടക്കം സർവീസുകൾ റദ്ദാക്കി

 

യു.എസ്-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലുടനീളം വിവിധ എയർലൈനുകൾ വിമാന സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായുള്ള ഈ നടപടി വേനലവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കി.

എയർ ഇന്ത്യ എക്സ്പ്രസ് ഈ മാസം 31 വരെ ബഹ്റൈനിൽ നിന്നും കുവൈത്തിൽ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇൻഡിഗോ, ഗൾഫ് എയർ, എയർ അറേബ്യ എന്നിവ നിലവിൽ കേരളത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്.

അതേസമയം എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ്, കെ.എൽ.എം, ലുഫ്ത്താൻസ, ബ്രിട്ടീഷ് എയർവേസ് തുടങ്ങിയ അന്താരാഷ്ട്ര വിമാനക്കമ്പനികളും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി യാത്രക്കാർ എയർലൈൻ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.