എബോള വ്യാപനം: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ പൗരന്മാർക്ക് യു.എ.ഇയിൽ താൽക്കാലിക വിസ വിലക്ക്; ഇന്ന് മുതൽ പ്രാബല്യത്തിൽ
എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് യു.എ.ഇ താൽക്കാലികമായി നിർത്തിവെച്ചു. എബോള ബാധ റിപ്പോർട്ട് ചെയ്ത ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. 2026 ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതൽ വിസ വിലക്ക് പ്രാബല്യത്തിൽ വരും. വരും ദിവസങ്ങളിലെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തി മാത്രമായിരിക്കും ഈ താൽക്കാലിക വിലക്ക് പിൻവലിക്കുക.
നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്‍റ് അതോറിറ്റിയും (എൻ.സി.ഇ.എം.എ), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും (ഐ.സി.പി) സംയുക്തമായാണ് പുതിയ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് മറ്റ് രാജ്യങ്ങൾ വഴി ട്രാൻസിറ്റ് വിസയിൽ വരുന്നവർക്കും യു.എ.ഇയിലേക്ക് പ്രവേശനമുണ്ടാകില്ല. യു.എ.ഇയിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഈ രാജ്യങ്ങൾക്ക് പുറത്ത് കുറഞ്ഞത് 21 ദിവസത്തിലധികം താമസിച്ചിട്ടുള്ള യാത്രക്കാർക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനാനുമതി നൽകൂ. അതേസമയം, യു.എ.ഇയും ഈ രാജ്യങ്ങളും തമ്മിലുള്ള ചരക്ക് (കാർഗോ) വിമാന സർവീസുകളെ ഈ നിയന്ത്രണം ബാധിക്കില്ല.
ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ശക്തമായ പ്രതിരോധ നടപടികളാണ് യു.എ.ഇയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗബാധ നേരത്തെ കണ്ടെത്തൽ, വിമാനത്താവളങ്ങളിലെ പ്രത്യേക മെഡിക്കൽ പരിശോധനകൾ, ആരോഗ്യരംഗത്തെ മുൻകരുതലുകൾ എന്നിവ ഇതിന്റെ ഭാഗമായി ശക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള എബോള വൈറസ് വ്യാപനത്തിന്റെ സ്ഥിതിഗതികൾ എൻ.സി.ഇ.എം.എയും ഐ.സി.പിയും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.