ഖത്തറിലേക്കുള്ള വിമാന സർവീസുകൾ മേയ് 1 മുതൽ പുനരാരംഭിക്കുന്നു; പ്രവാസികൾക്ക് ആശ്വാസം

 

മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ മേയ് 1 മുതൽ പുനരാരംഭിക്കുന്നു. ഖത്തറിലേക്കുള്ള സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ പുനഃസ്ഥാപിക്കുന്ന വിവരം ദോഹയിലെ ഇന്ത്യൻ എംബസിയാണ് അറിയിച്ചത്. ഏകദേശം രണ്ട് മാസത്തോളമായി വ്യോമപാതകൾ അടച്ചതും സുരക്ഷാ കാരണങ്ങളാലുമാണ് സർവീസുകൾ മുടങ്ങിയിരുന്നത്. എന്നാൽ നിലവിൽ മേഖലയിൽ വെടിനിർത്തൽ നിലവിൽ വന്നതും സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെട്ടതും കണക്കിലെടുത്താണ് വിമാനങ്ങൾ വീണ്ടും പറന്നുതുടങ്ങുന്നത്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്‌, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ മേയ് 1 മുതൽ സർവീസ് ആരംഭിക്കുമെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

സർവീസുകൾ പുനരാരംഭിക്കുമെങ്കിലും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൃത്യമായ സമയം ഉറപ്പുവരുത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.