വിമാനം വൈകിയാൽ എല്ലായ്പ്പോഴും നഷ്ടപരിഹാരം ലഭിക്കില്ല; നിയമങ്ങൾ വ്യക്തമാക്കി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി

 

വിമാനയാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനക്കമ്പനികളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള അസാധാരണ സാഹചര്യങ്ങൾ (ഫോഴ്‌സ് മജീർ) മൂലം യാത്രകൾ തടസ്സപ്പെട്ടാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവില്ലെന്ന് അതോറിറ്റി അറിയിച്ചു. പാസഞ്ചർ റൈറ്റ്‌സ് പ്രൊട്ടക്ഷൻ റെഗുലേഷന്റെ ഭാഗമായാണ് ഈ പുതിയ വിശദീകരണം.

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നത് വിമാനക്കമ്പനികളുടെ പിഴവ് മൂലമല്ലെങ്കിൽ നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് കമ്പനികളെ ഒഴിവാക്കിയിട്ടുണ്ട്. മോശം കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങൾ, വിമാനത്താവളമോ വ്യോമപാതയോ അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യങ്ങൾ എന്നിവ ഇതിൽ പ്രധാനമാണ്. കൂടാതെ യുദ്ധം, ആഭ്യന്തര കലാപങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ മൂലം യാത്ര തടസ്സപ്പെട്ടാലും നഷ്ടപരിഹാരത്തിന് അവകാശവാദമുന്നയിക്കാൻ സാധിക്കില്ല.

അപ്രതീക്ഷിതമായ ഇന്ധനക്ഷാമം, വിമാനത്തിൽ പക്ഷി ഇടിക്കുന്നത് മൂലമുണ്ടാകുന്ന തകരാറുകൾ, പണിമുടക്കുകൾ, വിമാനത്തിന്റെ നിർമ്മാണ പിഴവുകൾ അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന സങ്കീർണ്ണമായ സാങ്കേതിക തകരാറുകൾ എന്നിവയും വിമാനക്കമ്പനികൾക്ക് ഇളവ് ലഭിക്കുന്ന സാഹചര്യങ്ങളാണ്. ഇത്തരം അസാധാരണ സാഹചര്യങ്ങളിൽ വിമാനക്കമ്പനികൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയ അതോറിറ്റി, യാത്രക്കാർക്ക് സ്വന്തം അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധ്യമുണ്ടാകണമെന്നും വാർത്താക്കുറിപ്പിൽ ഓർമ്മിപ്പിച്ചു.