കുവൈത്തിൽ നിന്നുള്ള ഇൻഡിഗോ ഹൈദരാബാദ് സർവിസ് ജൂലൈ ഒന്ന് മുതൽ പുനരാരംഭിക്കും

 

കുവൈത്തിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസിന്റെ ജനപ്രിയ സർവിസുകൾ ജൂലൈ ഒന്ന് മുതൽ പുനരാരംഭിക്കുന്നു. കുവൈത്ത് - ഹൈദരാബാദ് സെക്ടറിലാണ് സർവിസ് ആരംഭിക്കുന്നത്. ഇരുവിഭാഗങ്ങളിലേക്കും ദിവസേന സർവിസുകൾ ഉണ്ടാകുമെന്നാണ് എയർലൈൻ അധികൃതർ അറിയിച്ചിട്ടുള്ളത്.

പുതിയ സമയവിവരപ്പട്ടിക അനുസരിച്ച് കുവൈത്തിൽ നിന്ന് വൈകീട്ട് 6:25-ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം പുലർച്ചെ 1:45-ന് ഹൈദരാബാദിൽ എത്തും. തിരിച്ച് ഹൈദരാബാദിൽ നിന്ന് പുലർച്ചെ 2:45-ന് പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം രാവിലെ 5:25-ഓടെ കുവൈത്തിൽ എത്തിച്ചേരും. ഈ സർവിസുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കുവൈത്തിൽ നിന്നുള്ള ഇൻഡിഗോ കൊച്ചി സർവിസ് കൂടി ഇതോടൊപ്പം പുനരാരംഭിക്കുമെന്ന് പ്രവാസികൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും, അതിനുള്ള പ്രഖ്യാപനം ഉണ്ടാകാത്തത് കേരളീയരായ യാത്രക്കാർക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.