യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ച് അന്താരാഷ്ട്ര എയർലൈനുകൾ; ചില കമ്പനികൾ സമയം നീട്ടി

 

മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് നിർത്തിവെച്ചിരുന്ന യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ അന്താരാഷ്ട്ര എയർലൈനുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു. അമേരിക്ക, കാനഡ, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ യാത്രാ മുന്നറിയിപ്പുകൾക്കിടയിലാണ് ഒക്ടോബർ, നവംബർ മാസങ്ങളിലായി കമ്പനികൾ സർവീസുകൾ പുനഃസ്ഥാപിക്കുന്നത്.

വിസ് എയർ ഒക്ടോബർ 25 മുതൽ ദുബൈയിലേക്കും 27 മുതൽ അബൂദബിയിലേക്കും സർവീസ് തുടങ്ങുമ്പോൾ, ബ്രിട്ടീഷ് എയർവേസ് നവംബർ നാല് മുതൽ ദുബൈയിലേക്ക് പ്രതിദിന സർവീസിനുള്ള ബുക്കിങ് ആരംഭിച്ചു. ടർക്കിഷ് എയർലൈൻസ് ഇതിനകം തന്നെ യുഎഇ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, എയർ ഫ്രാൻസ് ഒക്ടോബർ 13 വരെയും ലുഫ്ത്താൻസ, കെ.എൽ.എം, സിംഗപ്പൂർ എയർലൈൻസ് എന്നിവ ഒക്ടോബർ 24 വരെയും സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഇതിന് ശേഷമേ തുടരുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.

ബ്രിട്ടീഷ് എയർവേസിന്റെ അബൂദബി സർവീസ് 2027-28 ശൈത്യകാലത്തേക്കും, എയർ കാനഡ 2027 ജനുവരി പകുതി വരെയും, വെർജിൻ അറ്റ്ലാന്റിക് 2027 ഒക്ടോബർ വരെയും റദ്ദാക്കി. ഇതിനിടെ എമിറേറ്റ്‌സ്, ഫ്ലൈദുബായ് തുടങ്ങിയ തദ്ദേശീയ എയർലൈനുകൾ വേഗത്തിൽ സർവീസുകൾ സാധാരണ നിലയിലാക്കുന്നുണ്ട്. നിലവിൽ ദുബൈ വിമാനത്താവളത്തിലെ സർവീസ് ശേഷി 84 ശതമാനവും യാത്രക്കാരുടെ എണ്ണം 78 ശതമാനവും വീണ്ടെടുത്തിട്ടുണ്ട്.