യൂറോപ്യൻ സർവീസ് വിപുലീകരിച്ച് കുവൈത്ത് എയർവേസ്; ഫ്രാൻസിലെ നൈസിലേക്ക് പുതിയ സർവീസ് ആരംഭിച്ചു
Jul 5, 2026, 17:20 IST
വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി യൂറോപ്യൻ സർവീസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നൈസിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് കുവൈത്ത് എയർവേസ്. ശനി, ചൊവ്വ ദിവസങ്ങളിലായി കുവൈത്തിൽ നിന്നും നൈസിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ട് സർവീസുകളാണ് കമ്പനി നടത്തുക. ഫ്രഞ്ച് റിവിയേരയിലെ ഏറ്റവും ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് നൈസ്.
വേനൽക്കാലത്ത് യൂറോപ്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് പുതിയ റൂട്ട് അവതരിപ്പിച്ചതെന്ന് കുവൈത്ത് എയർവേസ് ആക്ടിംഗ് സി.ഇ.ഒ അബ്ദുൽവഹാബ് അൽ ഷാത്തി പറഞ്ഞു. ഉപഭോക്താക്കൾക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകുന്നതിനായി വരും ദിവസങ്ങളിലും റൂട്ട് വിപുലീകരണ പദ്ധതികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.