റിയാദ് വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേയ്സും എയർ അറേബ്യയും സർവീസുകൾ പുനരാരംഭിക്കുന്നു
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഖത്തർ എയർവേയ്സും എയർ അറേബ്യയും പുതിയ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച് ഘട്ടംഘട്ടമായി സർവീസുകൾ വർധിപ്പിക്കാനാണ് ഇരു കമ്പനികളുടെയും തീരുമാനം.
ഖത്തർ എയർവേയ്സ് നവംബർ 13 മുതൽ റിയാദിൽനിന്ന് ദോഹയിലേക്ക് പ്രതിദിനം ഒരു സർവീസ് ആരംഭിക്കും. നവംബർ 21- മുതൽ ഇത് രണ്ട് സർവീസായും, നവംബർ 28- മുതൽ മൂന്ന് സർവീസായും വർധിപ്പിക്കും. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണക്ഷൻ വിമാന സൗകര്യവും ലഭിക്കും. ബിസിനസ് ക്ലാസ് യാത്രക്കാർക്കായി ഖത്തർ എയർവേയ്സിന്റെ ക്യുസ്യൂട്ട് സൗകര്യവും, വിമാനങ്ങളിൽ അതിവേഗ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനവും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
യു.എ.ഇ ആസ്ഥാനമായ എയർ അറേബ്യ നവംബർ 16 മുതൽ റിയാദ്–ഷാർജ റൂട്ടിൽ സർവീസുകൾ പുനരാരംഭിക്കും. പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം ജി.9152 വിമാനം ദിവസവും സർവീസ് നടത്തും. ജി.9155 വിമാനം ചൊവ്വ, വ്യാഴം ദിവസങ്ങളിലും സർവീസ് നടത്തുന്നതോടെ റിയാദിൽനിന്ന് ഷാർജയിലേക്ക് പ്രതിദിന യാത്രാ സൗകര്യം ഉറപ്പാകും. ഇരു വിമാനക്കമ്പനികളുടെയും പുതിയ പ്രഖ്യാപനം പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും വലിയ ആശ്വാസമാകും.