കോഴിക്കോട്ടേക്ക് പ്രതിദിന സർവീസ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്
യുദ്ധസാഹചര്യങ്ങളെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് പുനഃരാരംഭിക്കുന്നു. മേയ് ഒന്ന് മുതൽ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നുണ്ടെങ്കിലും കോഴിക്കോട് കൂടി പട്ടികയിൽ ഉൾപ്പെട്ടത് മലബാറിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
കോഴിക്കോടിന് പുറമെ മേയ് ഒന്നു മുതൽ ബഹ്‌റൈൻ, ഡമാസ്കസ് എന്നിവിടങ്ങളിലേക്കും ഖത്തർ എയർവേയ്‌സ് പ്രതിദിന സർവീസുകൾ തുടങ്ങുന്നുണ്ട്. ഏപ്രിൽ 23 മുതൽ ദുബൈ, ഷാർജ നഗരങ്ങളിലേക്കുള്ള സർവീസുകൾ കമ്പനി നേരത്തെ പുനഃരാരംഭിച്ചിരുന്നു. ഖത്തർ എയർവേയ്‌സിന് പിന്നാലെ മേയ് ആദ്യവാരം മുതൽ എയർ ഇന്ത്യയും ഇൻഡിഗോയും ദോഹയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്തും. വിമാനങ്ങളുടെ എണ്ണം വർധിക്കുന്നതോടെ നിലവിൽ പ്രവാസികൾ നേരിടുന്ന ഉയർന്ന ടിക്കറ്റ് നിരക്കിന് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാർക്കായി പ്രത്യേക ഇളവുകളും ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 15 വരെയുള്ള ടിക്കറ്റുകൾ എടുത്തവർക്ക് അധിക നിരക്ക് നൽകാതെ ഒക്ടോബർ 31 വരെ യാത്രാ തീയതി മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് തുക തിരികെ (Refund) വാങ്ങാനോ സാധിക്കും. റീഫണ്ട് നടപടികൾ പൂർത്തിയാക്കാൻ 28 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.