യുഎഇയിലേക്കുള്ള സർവീസുകൾ വർദ്ധിപ്പിക്കാൻ ഖത്തർ എയർവേയ്‌സ്; ദുബായിലേക്ക് പ്രതിദിനം അഞ്ച് സർവീസുകൾ
ഖത്തറിനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും (UAE) ഇടയിലുള്ള യാത്രാ സൗകര്യങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും (DOH) ദുബായിക്കും (DXB) ഇടയിലുള്ള സർവീസുകളുടെ എണ്ണം ഖത്തർ എയർവേയ്‌സ് വർദ്ധിപ്പിക്കുന്നു. നിലവിലുള്ള പ്രതിദിന സർവീസുകൾ ഘട്ടഘട്ടമായി രണ്ട് സർവീസുകളിൽ നിന്നും അഞ്ചായി ഉയർത്താനാണ് കമ്പനിയുടെ തീരുമാനം. പരിഷ്കരിച്ച ഷെഡ്യൂൾ ജൂൺ 5 മുതൽ പ്രാബല്യത്തിൽ വന്നു.
വർദ്ധിച്ചുവരുന്ന യാത്രാക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനും ഇരു നഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കാനുമുള്ള അവസരമൊരുക്കാനുമാണ് സർവീസുകൾ ഘട്ടങ്ങളായി വർദ്ധിപ്പിക്കുന്നത്. പുതിയ തീരുമാനപ്രകാരം നിലവിലുള്ള രണ്ട് സർവീസുകൾ ജൂൺ 5 മുതൽ മൂന്നായി ഉയർത്തി. തുടർന്ന് ജൂൺ 15 മുതൽ നാലാമത്തെ സർവീസും, വേനൽക്കാല അവധിക്കാലത്ത് അഞ്ചാമത്തെ പ്രതിദിന സർവീസും ആരംഭിക്കും. ബോയിംഗ് 777, എയർബസ് എ350 (Airbus A350) എന്നീ അത്യാധുനിക വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസിനായി ഉപയോഗിക്കുക.
പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ആഴ്ചയിൽ 35 സർവീസുകൾ വരെ ലഭ്യമാകും. ഇത് ഗൾഫ് മേഖലയിലെ വ്യോമയാന ബന്ധം കൂടുതൽ ശക്തമാക്കാനും ബിസിനസ്സ്, വിനോദസഞ്ചാര മേഖലകൾക്ക് വലിയ രീതിയിൽ കരുത്തുപകരാനും സഹായിക്കുമെന്നും ഖത്തർ എയർവേയ്‌സ് അറിയിച്ചു. മിഡിൽ ഈസ്റ്റിലുടനീളമുള്ള തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിലവിൽ മേഖലയിലെ ഇരുപതിലധികം നഗരങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നുണ്ട്. യുഎഇയിലേക്കുള്ള യാത്രക്കാർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കിക്കൊണ്ട് കഴിഞ്ഞ ഏപ്രിലിൽ ദുബായ്, ഷാർജ (SHJ) എന്നിവിടങ്ങളിലേക്കും മെയ് മാസത്തിൽ അബുദാബിയിലേക്കും (AUH) കമ്പനി സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഈ വേനൽക്കാലത്തോടെ ലോകമെമ്പാടുമുള്ള 160-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തങ്ങളുടെ ആഗോള ശൃംഖല വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ എയർവേയ്‌സ്.