വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് നിയന്ത്രണം; പുതിയ നിർദ്ദേശങ്ങളുമായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

 

വിമാനയാത്രക്കാർ കൈവശം കരുതുന്ന പവർ ബാങ്കുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA). അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച സർക്കുലർ രാജ്യത്തെ വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ എയർലൈനുകൾക്കും കൈമാറി.

പുതിയ നിർദ്ദേശപ്രകാരം ഒരു യാത്രക്കാരന് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ അനുമതിയുള്ളൂ. ഇവ യാത്രാവേളയിൽ വിമാനത്തിനുള്ളിൽ വെച്ച് ചാർജ് ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. കൂടാതെ, വിമാന യാത്രയിലുടനീളം മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പവർ ബാങ്കുകൾ ചെക്ക്-ഇൻ ലഗേജുകളിൽ സൂക്ഷിക്കാൻ പാടില്ലാത്തതാണ്. പകരം, വിമാന ക്യാബിനുള്ളിൽ ഹാൻഡ് ലഗേജായി മാത്രമേ ഇവ കൈവശം വെക്കാൻ അനുവാദമുണ്ടാകൂ. വിമാന ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ഈ നിയമങ്ങൾ ബാധകമായിരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കുകയുണ്ടായി. വരും ദിവസങ്ങളിൽ യാത്രക്കാർ ഈ നിബന്ധനകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എയർപോർട്ട് അതോറിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.