റിയാദ് എയർ സർവിസ് ആരംഭിച്ചു; ആദ്യ ആഭ്യന്തര സർവിസ് ജിദ്ദയിൽ നിന്ന് റിയാദിലേക്ക്
സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ തങ്ങളുടെ ആദ്യ ആഭ്യന്തര സർവിസിന് തുടക്കം കുറിച്ചു. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും റിയാദിലേക്കായിരുന്നു ഞായറാഴ്ച ആദ്യ വിമാനം പറന്നുയർന്നത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് (PIF) കീഴിലുള്ള റിയാദ് എയറിന്റെ ഈ പുതിയ ചുവടുവെപ്പ് രാജ്യത്തിനകത്തെ വ്യോമഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.
പ്രധാന സാമ്പത്തിക-വിനോദസഞ്ചാര കേന്ദ്രങ്ങളായ റിയാദിനെയും ജിദ്ദയെയും തമ്മിൽ ബന്ധിപ്പിക്കുന്നതോടെ ഇരു നഗരങ്ങൾക്കുമിടയിലുള്ള ഉയർന്ന യാത്രാ ഡിമാൻഡ് പരിഹരിക്കാൻ സാധിക്കും. അത്യാധുനിക ‘ബോയിംഗ് 787-9 ഡ്രീംലൈനർ’ വിമാനങ്ങളാണ് സർവിസിനായി റിയാദ് എയർ ഉപയോഗിക്കുന്നത്.
ആദ്യഘട്ടത്തിൽ ജിദ്ദയ്ക്ക് പുറമെ ദുബൈ, കെയ്‌റോ, മാഡ്രിഡ്, മാഞ്ചസ്റ്റർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള ടിക്കറ്റ് വിതരണവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി വ്യോമ ശൃംഖല വിപുലീകരിക്കാനാണ് എയർലൈൻ പദ്ധതിയിടുന്നത്. 2030-ഓടെ തലസ്ഥാനമായ റിയാദിനെ ലോകമെമ്പാടുമുള്ള നൂറിലധികം നഗരങ്ങളുമായി ബന്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ആഗോള വ്യോമയാന-ലോജിസ്റ്റിക്സ് രംഗത്ത് സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് പുതിയ സർവിസുകൾ.