കുവൈത്ത് വിമാനത്താവളത്തിൽ ഷൂട്ടിങ്ങിന് കർശന വിലക്ക്
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫോട്ടോയെടുക്കുന്നതിനും വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കർശന വിലക്കേർപ്പെടുത്തി. വിമാനത്താവളത്തിലെ ജീവനക്കാർക്കും അവിടെ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾക്കുമാണ് പുതിയ നിയന്ത്രണങ്ങൾ ബാധകമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ സഅദ് അൽ ഒതൈബി പുറപ്പെടുവിച്ചു.
ജീവനക്കാരും മറ്റ് സ്ഥാപനങ്ങളും ജോലിസ്ഥലങ്ങളിൽ മൊബൈൽ ഫോണുകളോ ക്യാമറകളോ മറ്റ് സാങ്കേതിക ഉപകരണങ്ങളോ ഉപയോഗിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്താനോ തത്സമയ സംപ്രേക്ഷണം നടത്താനോ പാടില്ല. വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലം, പാസഞ്ചർ ടെർമിനലുകൾ, ഭരണപരവും സാങ്കേതികവുമായ കെട്ടിടങ്ങൾ തുടങ്ങി ഡി.ജി.സി.എയ്ക്ക് കീഴിലുള്ള എല്ലാ മേഖലകളിലും ഈ വിലക്ക് ബാധകമാണ്.
കൂടാതെ വിമാനത്താവളത്തിന്റെ ആഭ്യന്തര രേഖകളും കത്തുകളും പകർത്തി പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്. സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ, നിരീക്ഷണ ക്യാമറകൾ, സുരക്ഷാ നടപടികൾ, വിമാനങ്ങളുടെ ചലനം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടരുതെന്നും നിർദേശമുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കുവൈത്തിലെ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് ശക്തമായ നിയമനടപടികൾ സ്വീകരിക്കും.