സാങ്കേതിക തകരാർ; ഫ്ലൈദുബായ് വിമാനം കുവൈത്തിലേക്ക് തിരിച്ചുവിട്ടു, യാത്രക്കാർ സുരക്ഷിതർ

 

സാങ്കേതിക തകരാറിനെ തുടർന്ന് പോളണ്ടിലെ ക്രാക്കോവിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി എയർലൈൻ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ക്രാക്കോവ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന എഫ്.സെഡ് 1788 (FZ1788) എന്ന വിമാനമാണ് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വഴിതിരിച്ചുവിട്ടത്. ബോയിംഗ് 737 മാക്സ് 8 വിഭാഗത്തിൽപ്പെട്ട വിമാനം ഇറാഖിന് മുകളിലൂടെ പറക്കുന്നതിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും തുടർന്ന് കുവൈത്തിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നുവെന്ന് ഫ്ലൈറ്റ്-ട്രാക്കിംഗ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യാത്രക്കാരെ ദുബായിലെത്തിക്കുന്നതിനായി പകരം വിമാനത്തിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചു. യാത്രക്കാരുടെ യാത്രാ പദ്ധതികളിലുണ്ടായ തടസ്സത്തിന് എയർലൈൻ പ്രസ്താവനയിലൂടെ ക്ഷമ ചോദിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ, സാങ്കേതിക തകരാറിന്റെ കൃത്യമായ സ്വഭാവത്തെക്കുറിച്ചോ വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെക്കുറിച്ചോ എയർലൈൻ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.