സംഘർഷാവസ്ഥ: ബഹ്‌റൈൻ വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു; വേനലവധി യാത്രക്കാർ പ്രതിസന്ധിയിൽ

 

ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ബഹ്‌റൈനിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. വേനൽക്കാല അവധിക്ക് നാട്ടിലേക്ക് പോകാനും തിരികെ വരാനുമായി ടിക്കറ്റ് എടുത്ത നിരവധി പ്രവാസി യാത്രക്കാരെയാണ് ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും വ്യോമപാതയും സാധാരണ നിലയിൽ തുടരുന്നുണ്ട്. ഗൾഫ് എയർ, ഫ്ലൈ ദുബായ്, എയർ അറേബ്യ, ഫ്ലൈനാസ്, കുവൈത്ത് എയർവേസ് എന്നിവയുടെ വിവിധ സർവീസുകൾ നിലവിൽ കൃത്യസമയത്ത് സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കിയപ്പോൾ ഇൻഡിഗോ, ഗൾഫ് എയർ, എയർ അറേബ്യ എന്നിവ കേരളത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്.

അതേസമയം, ഇത്തിഹാദ് എയർവേസ് ജൂലൈ 25 വരെയും, എമിറേറ്റ്സ് ആഗസ്റ്റ് 31 വരെയും ബഹ്‌റൈനിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. കെ.എൽ.എം സെപ്റ്റംബർ 6 വരെ ദുബായ്, റിയാദ്, ദമ്മാം സർവീസുകൾ റദ്ദാക്കി. ബഹ്‌റൈനിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ബ്രിട്ടൻ തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സിവിൽ എയർ നാവിഗേഷൻ സിസ്റ്റത്തിന് നേരെ ആക്രമണ ശ്രമങ്ങൾ ഉണ്ടായെങ്കിലും വ്യോമയാന സേവനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.